2010 ലും 2011 ലും സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ദുരിതാശ്വാസ തുക നല്‍കാന്‍ ആകില്ല: ചീഫ് സെക്രട്ടറി പോള്‍ ആന്റണി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നാല് അമ്മമാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിക്ക് സുപ്രിം കോടതിയില്‍ നല്‍കിയ മറുപടിയില്‍ ആണ് 2010 ലും 2011 ലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ദുരിതാശ്വാസ തുക നല്‍കാന്‍ ആകില്ലന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി വ്യക്തമാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ അനര്‍ഹര്‍ കടന്ന് കൂടിയതായി സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായും ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ അറിയിച്ചു.

ദേശീയ മനുഷ്യ അവകാശ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ തുടര്‍ന്ന് മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ 2010 ല്‍ ഉത്തരവിട്ടിരുന്നു. കീടനാശിനി വിതറിയ ദുരന്തത്തെ തുടര്‍ന്ന് കിടപ്പില്‍ ആയവര്‍ക്കും പരസഹായം കൂടാതെ നീങ്ങാന്‍ കഴിയാത്തവര്‍ക്കും ആയി മൂന്ന് ലക്ഷം രൂപ നല്‍കാനും കമ്മിഷന്‍ ഈ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ദുരിതാശ്വാസ സഹായത്തിന് അര്‍ഹത ഉള്ളവരുടെ പട്ടിക തയ്യാര്‍ ആക്കാന്‍ ഡോക്ടര്‍മാരുടെ പാനല്‍ തയ്യാര്‍ ആക്കാനും ദേശിയ മനുഷ്യ അവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഈ ഉത്തരവ് 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

എന്നാല്‍ 2010 ലും 2011 ലും കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാദിതരുടെ സംസ്ഥാന സര്‍ക്കാര്‍ തയ്യാര്‍ ആക്കിയിരുന്നതായി ചീഫ് സെക്രട്ടറി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ആരോഗ്യപരമായി പുനരധിവസിക്കപ്പെടേണ്ടവരുടെ പട്ടിക ആയിരുന്നു. അതിനാല്‍ തന്നെ ലളിതമായ മാര്‍ഗ്ഗരേഖകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പട്ടിക തയ്യാര്‍ ആക്കിയത്. ഈ പട്ടിക പിന്നീട് സംസ്ഥാന വിജിലന്‍സ് പരിശോധിച്ചു. പട്ടികയില്‍ നിരവധി അനര്‍ഹര്‍ ആയവര്‍ കടന്ന് കൂടിയതായി വിജിലിന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായും ചീഫ് സെക്രട്ടറി പോള്‍ ആന്റണി സുപ്രീം കോടതിയെ അറിയിച്ചു.

2010 ലും 2013ലും തയ്യാര്‍ ആക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിത ബാദിതരുടെ പട്ടിക പുതുക്കാന്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടിക പുതുക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കാസര്‍ഗോഡ് ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു. പട്ടിക പുതുക്കന്നതിനെ കുറിച്ച് റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി പുതിയ പട്ടികയ്ക്ക് രൂപം നല്‍കുന്നതിന് സമിതിക്ക് രൂപം നല്‍കി.

2013 ലെ മാര്‍ഗ്ഗ രേഖ പ്രകാരം ഡോക്ടര്‍മാര്‍ തയ്യാര്‍ ആക്കിയ പട്ടികയിലെ ഏതാണ്ട് എല്ലാ വര്‍ക്കും മൂന്ന് ഗഡുക്കളില്‍ ആയി ദുരിതാശ്വാസം വിതരണം ചെയ്തതായും ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നല്‍കാന്‍ ഉള്ളത് മരണം അടഞ്ഞവരുടെ നിയമപരമായ അനന്തരാവകാശികള്‍ ഇല്ലാത്തവര്‍ക്ക് ആണ്. നിയമപരമായ അനന്തരാവകാശികള്‍ എത്തിയാല്‍ അവര്‍ക്കും തുക നല്‍കാന്‍ തയ്യാര്‍ ആണ് എന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച പട്ടികയ്ക്ക് പുറമെ കാന്‍സര്‍ രോഗികള്‍ ആയ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും സാമ്പത്തിക സഹായം നല്‍കി. ഏതാണ്ട് 350 കോടി രൂപ എന്‍ഡോസള്‍ഫാന്‍ ദുരിത ബാദിതര്‍ക്കായി ഇത് വരെ ചെലവഴിച്ചിട്ടുണ്ട് എന്നും പോള്‍ ആന്റണി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച എന്‍ഡോസള്‍ഫാന്‍ ബാദിതരുടെ ‘അമ്മമാരായ രമ്യ. പി, ജമീല എം.പി, സിസിലി, ബധാവി എന്നിവര്‍ തങ്ങളുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്റ്റര്‍ക്ക് പരാതി നല്‍കിയിട്ടില്ല. എന്നിരുന്നാലും ഈ നാല് പേരുടെയും മക്കള്‍ക്ക് ചികിത്സയക്കും മറ്റുമായി പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതി അലക്ഷ്യ ഹര്‍ജി തള്ളി കളയണം എന്നും പോള്‍ ആന്റണി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപെടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top