special page

പേര് മാറ്റിയതു കൊണ്ട് കാര്യമില്ല; ‘പത്മാവത്’ രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ

പ്രതീകാത്മക ചിത്രം

മുംബൈ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ജനുവരി 25ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്ത്.

രാജസ്ഥാനിലെ ജനങ്ങള്‍ക്ക് റാണി പത്മാവതി ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമല്ല. അവരുടെ ത്യാഗം രാജസ്ഥാന്റെ അഭിമാനത്തിന്റെ കൂടെ കാര്യമാണെന്ന് വസുന്ധരരാജെ പത്രക്കുറിപ്പില്‍ പറഞ്ഞു. അതിനാല്‍ റാണി പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ യാതൊരു കാരണവശാലും സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വസുന്ധര രാജെ പറഞ്ഞു.

എന്നാല്‍ ഈ സിനിമയുടെ റിലീസ് സംബന്ധിച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയോ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 18 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ റിലീസുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട്‌പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവതി ജനുവരി 25ന് റിലീസ് ചെയ്യുന്നതിനാല്‍ ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 30നാണ് ഉപാധികളോടെ പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

അതേസമയം പത്മാവതി നിരോധിക്കണമെന്നാവശ്യവുമായി രജപുത് കര്‍ണിസേന വീണ്ടും രംഗത്തെത്തിയിരുന്നു. പേരുമാറ്റിയതുകൊണ്ടോ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ കാര്യമില്ലെന്നും കര്‍ണിസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ബാധ്യസ്ഥരാണെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

രജപുത് കര്‍ണിസേനയുടെ ഭീഷണിക്ക് പിന്നാലെയാണ് പത്മാവത് സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുള്ളതിനാല്‍ എന്ത് വില കൊടുത്തും ചിത്രം തടയുമെന്നാണ് വസുന്ധര രാജെ വ്യക്തമാക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top