“വിരലടയാളം ആര്‍ക്കും ഉണ്ടാക്കാനാവില്ല, ആധാറില്‍ എന്താണിത്ര രഹസ്യം?, ആധാറില്ലാതെതന്നെ നിരവധി തട്ടിപ്പ് നടക്കുന്നു”, വിചിത്ര വാദങ്ങളുടെ പെരുമഴയുമായി വീണ്ടും കെ സുരേന്ദ്രന്

കേവലം പത്തുരൂപയുടെ പശ ഉപയോഗിച്ച് ഇപ്പോള്‍ ലഭ്യമായ ഫിംഗര്‍ പ്രിന്റ് സ്കാനറുകളെയെല്ലാം കബളിപ്പിക്കാനാകുന്ന രീതിയില്‍ വിരലടയാളം പുനര്‍നിര്‍മിക്കാനാകുമെന്ന തികച്ചും അടിസ്ഥാനപരമായ അറിവുപോലും വിസ്മരിച്ചും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതിനെ നിസ്സാരവത്കരിച്ചും കെ സുരേന്ദ്രന്. തന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പിലാണ് പുതിയ വാദമുഖങ്ങളുമായി ബിജെപിയുടെ പ്രമുഖ നേതാവ് എത്തിയിരിക്കുന്നത്. തികച്ചും ബാലിശമായ വാദങ്ങളുമായി ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാലും പ്രശ്നമില്ലെന്ന് സുരേന്ദ്രന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, അഥവാ ചോര്‍ന്നാലും പ്രശ്നമില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
“എനിക്കു മനസ്സിലാവാത്തത് ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത് എന്നാണ്. ഞാനും ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. അഛന്റെ പേരും അമ്മയുടെ പേരും ഭാര്യയുടെ പേരും ഇത്ര വലിയ രഹസ്യമാണോ? ജനനത്തീയതിയും പാന്‍ കാര്‍ഡു നമ്പറും ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ?” സ്വകാര്യത എന്നൊന്നുണ്ട് എന്നതുപോലും മറന്ന് സുരേന്ദ്രന് ചോദിക്കുന്നു. തട്ടിപ്പ് എന്ന സംഗതി മാറ്റിനിര്‍ത്തിയാല്‍ പോലും ഇവിടെ സ്വകാര്യത ഹനിക്കപ്പെടുന്നുവെന്നും സ്വകാര്യത എന്നത് സുപ്രിം കോടതിയും ഭരണഘടനയും അനുവദിച്ചുതന്ന മൗലികമായ അവകാശമാണെന്നും സുരേന്ദ്രന് ഗൗനിക്കുന്നില്ല.

ആധാര്‍ വിവരങ്ങള്‍കൊണ്ട് തട്ടിപ്പുനടന്നേക്കാം എന്ന ആരോപണത്തിന്റെ മറുപടിയായി തീര്‍ത്തും ബാലിശമായ ചോദ്യമാണ് അദ്ദേഹം തിരിച്ച് ചോദിക്കുന്നത്. തട്ടിപ്പു നടത്തുന്നവര്‍ ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകള്‍ ഈ രാജ്യത്തുനടത്തുന്നുണ്ട് സുരേന്ദ്രന് ചോദിക്കുകയാണ്.
ഒരാളുടെ വിരടയാളവും കണ്ണിന്റെ അടയാളവും ആര്‍ക്കും ഉണ്ടാക്കാനാവില്ല എന്നുപറയുന്ന സുരേന്ദ്രന് ഇത്തരം നിരവധി അറിവുകള്‍ പങ്കുവയ്ക്കുന്നു. ആധാര്‍ കാരണം പല തട്ടിപ്പ് നടത്താനും സാധിക്കുന്നില്ല, പണം തട്ടാന്‍ പറ്റുന്നില്ല എന്നൊക്കെയുള്ള സ്ഥിരം വാദങ്ങളിലൂടെ ആധാറിനെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ചാണ് സുരേന്ദ്രന് പോസ്റ്റ് അവസാനിപ്പിക്കുന്നത്. വോട്ടേഴ്സ് ഐഡിയും ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഒരു അഭിപ്രായവും അദ്ദേഹം മുന്നോട്ടുവച്ചു.
കെ സുരേന്ദ്രന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.
ആധാർ രഹസ്യങ്ങൾ ചോരുന്നു എന്നു പറഞ്ഞ് വലിയ ചർച്ചകൾ നമ്മുടെ നാട്ടിൽ നടക്കുകയാണ്. ഒന്നാമത്തെ കാര്യം ആധാർ രഹസ്യങ്ങൾ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണ്. അത്തരം പ്രചാരണങ്ങൾ ദുരുദ്ദേശത്തോടുകൂടിയാണ്. എനിക്കു മനസ്സിലാവാത്തത് ആധാറിൽ എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ ഉള്ളത് എന്നാണ്. ഞാനും ആധാർ കാർഡ് എടുത്തിട്ടുണ്ട്. അഛൻറെ പേരും അമ്മയുടെ പേരും ഭാര്യയുടെ പേരും ഇത്ര വലിയ രഹസ്യമാണോ? ജനനത്തീയതിയും പാൻ കാർഡു നമ്പറും ഡ്രൈവിംഗ് ലൈസൻസ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ? ടെലിഫോൺ നമ്പറും സ്ഥാവര ജംഗമ സ്വത്തുക്കളും ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനും സർക്കാർ അവധി നീട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇനി അതും കൂടി വന്നാലും അതിലെന്താണ് ഇത്ര സ്വകാര്യത? ഇനി പാൻ കാർഡ് നമ്പർ കിട്ടിയാൽ തന്നെ ആദായനികുതി വകുപ്പ് വിചാരിക്കാതെ വിവരങ്ങൾ കിട്ടുമോ? ബാങ്ക് അക്കൗണ്ട് നമ്പർ കിട്ടിയാലും ബാങ്കുകൾ വിചാരിക്കാതെ ബാലൻസ് ഷീററ് കിട്ടുമോ? തട്ടിപ്പു നടത്തുന്നവർ ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകൾ ഈ രാജ്യത്തുനടത്തുണ്ട്? തെൽഗിയെ ഓർമ്മയുണ്ടോ നിങ്ങൾക്ക്? ഹർഷദ് മേത്തയെ നിങ്ങൾ മറന്നുപോയോ? ഒരാളുടെ തംപ് ഇംപ്രഷനും കണ്ണിലെ കൃഷ്ണമണിയും ആർക്കും ഡ്യൂപ്ളിക്കേററ് ഉണ്ടാക്കാൻ കഴിയില്ല. ബാങ്കുകളിലും മൊബൈൽ കമ്പനികളിലും തട്ടിപ്പു നടന്നത് അവരുടെ ജാഗ്രതക്കുറവാണ്. അതിന് ആധാർ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാംഗ് മൂലമായി നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്സൈററിൽ ഇതെല്ലാം ലഭ്യമാണുതാനും. പ്രശ്നം സ്വകാര്യതയുടേതല്ല എതിർപ്പ് ആധാറിനോടാണ്. ആധാർ വന്നതോടെ പല കള്ളത്തരവും നടക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ സബ്സിഡി വെട്ടിപ്പു നടക്കുന്നില്ല. അതിൻറെ ഏനക്കേടാണ് ചിലയാളുകൾക്ക്. ശരിക്കും പറഞ്ഞാൽ വോട്ടർ ഐഡി കാർഡുകൂടി ആധാറുമായി ലിങ്ക് ചെയ്യണം. അങ്ങനെ ചെയ്താൽ കേരളത്തിലെ പല എംഎൽഎ മാരു എംപി മാരും കാശിക്കുപോകേണ്ടി വരും.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക