അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് ചാരമായി; ഓസീസ് വിജയം ഇന്നിംഗ്സിനും 123 റണ്‍സിനും

ടീം ഓസ്ട്രേലിയ
സിഡ്നി: അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റും അടിയറവ് വെച്ച് ഇംഗ്ലണ്ട് തലകുനിച്ചു. ഇതോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-0 ത്തിന് ഓസ്ട്രേലിയ സ്വന്തമാക്കി. അവസാന ടെസ്റ്റില്‍ ഇന്നിംഗ്സിനും 123 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. സ്കോര്‍: ഓസ്ട്രേലിയ 649/7, ഇംഗ്ലണ്ട് 346, 180.
303 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 180 റണ്‍സിലൊതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിന്‍സാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റെടുത്തു. നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണുകൊണ്ടിരുന്നു.

ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. റൂട്ട് 167 പന്തില്‍ 58 റണ്‍സ് നേടി. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ റൂട്ട് പരുക്കേറ്റ് കളംവിട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോണി ബെയര്‍സ്റ്റോ (38), മോയിന്‍ അലി (13), സ്റ്റുവര്‍ട്ട് ബ്രോഡ് (4), ക്രെയ്ന് (2), ജെയിംസ് ആന്ഡേഴ്സണ് (2), ടോം കുറാന് (23) എന്നിവര്‍ പൊരുതി നോക്കുക പോലും ചെയ്യാതെ തിരികെ മടങ്ങി.
രണ്ട് ഇന്നിംഗ്സുകളിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ കുമ്മിന്‍സ് കളിയിലെ താരമായും സ്റ്റീവ് സ്മിത്ത് പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. നാലാം ടെസ്റ്റിലെ സമനില മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്. ബ്രിസ്ബണ്‍, അഡ്ലെയ്ഡ്, പെര്‍ത്ത് ടെസ്റ്റുകള്‍ കൈവിട്ടതിന് പിന്നാലെയാണ് സിഡ്നിയിലും സന്ദര്‍ശകര്‍ തോല്‍വി വഴങ്ങിയത്. നേരത്തെ ഒന്നാം ഇന്നിംഗ്സ് 649 റണ്‍സിന് ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസീസിനായി മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഉസ്മാന് ഖവാജ എന്നിവര്‍ സെഞ്ചുറി നേടി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക