ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ള അവസാനിപ്പിക്കണം: അരുണ്‍ ജെയ്റ്റ്‌ലിക്ക് ചെന്നിത്തലയുടെ കത്ത്

രമേശ് ചെന്നിത്തല

തിരുവനന്തപുരം: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി പൊതുമേഖലാ ബാങ്കുകള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്ത് നല്‍കി.

2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 2330 കോടി രൂപയാണ് പൊതു മേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ പൊതുജനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കിയത്. എസ്ബിഐ മാത്രം 1771 കോടി രൂപ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴിഞ്ഞെടുത്തു എന്നത് ഞെട്ടിക്കുന്നതാണ്. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലഘട്ടത്തിലെ എസ്ബിഐയുടെ ലാഭമായ 1581 കോടിയേക്കാള്‍ കൂടുതലാണിത്.

സാധാരണക്കാരും പാവപ്പെട്ടവരും വിദ്യാര്‍ത്ഥികളുമാണ് ബാങ്കിന്റെ ഈ ക്രൂരതയ്ക്ക് കൂടുതലും ഇരയാവുന്നത്. പണമുള്ളവരുടെ അക്കൗണ്ടുകളില്‍ മിനിമംബാലന്‍സിനെക്കാള്‍ കൂടിയ തുക എപ്പോഴും ഉണ്ടാവും. എന്നാല്‍ സാധാരണക്കാരുടെയും പാവങ്ങളുടെയും അക്കൗണ്ടുകളില്‍ അത്രയും തുക ഉണ്ടാവണമെന്നില്ല. പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷനായി കിട്ടുന്ന തുകയും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി കിട്ടുന്ന തുകയും ഒക്കെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ തട്ടിയെടുത്ത വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും അത് ആശ്രയമായി മാറുന്നതിന് വേണ്ടിയായിരുന്നു. അതാണ് ഇപ്പോള്‍ ബ്ലേഡ് കമ്പനികള്‍ പോലെയായി മാറി അവരെ കൊള്ളയടിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top