ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഒരു വര്‍ഷം; സിബിഐയില്‍ പ്രതീക്ഷയോടെ കുടുംബം

ജിഷ്ണു പ്രണോയ് (ഫയല്‍ ചിത്രം)
കോഴിക്കോട്: പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ദുരൂഹതകള്‍ ഏറെ ബാക്കിയാക്കിയ മരണത്തിന്റെ അന്വേഷണം ഇപ്പോള്‍ സിബിഐയില്‍ എത്തിയിരിക്കുകയാണ്. ഇവിടെയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ.

ജിഷ്ണുവിന് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (ഫയല്‍ ചിത്രം)
2017 ജനുവരി ഇതേ ദിവസം വൈകിട്ടാണ് ഹോസ്റ്റലിലെ ശുചി മുറിയില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണു പ്രണോയിയെ കണ്ടത്. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോളെജ് അധികൃതര്‍ നടപടി എടുക്കുമെന്ന ഭയപ്പാടിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ നെഹ്റു എഞ്ചിനീയറിംഗ് കോളെജിലെ ഇടിമുറിയും ചോരപ്പാടുകളും ദുരൂഹതകളിലേക്ക് വഴി തുറന്നു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. സ്വാശ്രയ കോളെജുകള്‍ക്ക് എതിരെ സമരകാഹളം മുഴങ്ങി. നെഹ്റു കോളെജ് അടിച്ച് നിരത്തി തരിപ്പണമാക്കി. ജിഷ്ണുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നേതാക്കളുടെ ഒഴുക്കായിരുന്നു. കോഴിക്കോട് ജില്ലയില്‍ പല തവണ ഉണ്ടായിട്ടും ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്താന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആരോപണശരമുയര്ന്നു.


സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴയ്ക്കുന്നു
ഒടുവില്‍ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ സഹായം ചോദിച്ച് ഈ കമ്മ്യുണിസ്റ്റ് കുടുംബം മുഖ്യമന്ത്രിയെ കാണാന്‍ തലസ്ഥാനത്തേക്ക് യാത്രയായി. അവിടെ റോഡിലിട്ട് വലിച്ചിഴച്ച് ലാത്തി അടിയോടെയാണ് മഹിജയേയും കൂട്ടരേയും പൊലീസ് സ്വീകരിച്ചത്. വേദനകള്‍ കടിച്ചമര്‍ത്തി എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ആ അമ്മയും സഹോദരനും വീട്ടിലേക്ക് മടങ്ങി. മരണത്തെപറ്റി അന്വേഷണങ്ങള്‍ ഏറെ നടന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല. പി കൃഷ്ണദാസ് അടക്കമുള്ള മാനേജ്മെന്റ് പ്രതിനിധികള്‍ കേസില്‍ നിന്ന് ഊരാനുള്ള നെട്ടോട്ടത്തിലാണ്. ഒടുവില്‍ സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മനസില്ലാ മനസോടെ അന്വേഷണം ഏറ്റെടുത്ത സിബിഐയുടെ കൈകളിലാണ് കേസിപ്പോള്‍. അവിടെ തികഞ്ഞ പ്രതീക്ഷയിലാണ് ഈ അമ്മയും കുടുംബവും
അതെ ആ നീതി എന്ന് നടപ്പാകും.. കാത്തിരിക്കാം പ്രതീക്ഷയോടെ
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക