ആരും പ്രായപൂര്‍ത്തിയായവരുടെ സൂപ്പര്‍ രക്ഷാകര്‍ത്താവ് ആകരുത് എന്ന തിരിച്ചറിവ്


മതം മാറിയ ശേഷം മറ്റൊരു മതത്തില്‍ പെട്ട വ്യക്തിയെ വിവാഹം കഴിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയെ അച്ഛന് ഒപ്പം വിടണമോ ഭര്‍ത്താവിന് ഒപ്പം വിടണമോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ തീപാറുന്ന വാദം നടന്നിട്ട് ഒന്നര മാസം പോലും കഴിഞ്ഞില്ല. 25 വയസ്സ് കഴിഞ്ഞ, പ്രൊഫെഷണല്‍ വിദ്യാഭ്യാസം കരസ്ഥമാക്കിയ അഖില എന്ന ഹാദിയയോട് രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ചീഫ് ജസ്റ്റിസും, രണ്ട് ജഡ്ജിമാരും അര മണിക്കൂറോളം തുറന്ന കോടതിയില്‍ സംസാരിച്ചു. ഭര്‍ത്താവിന് ഒപ്പം പോകണം എന്നായിരുന്നു അഖില എന്ന ഹാദിയ കോടതിയില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ പഠിക്കാന്‍ പോകാനായിരുന്നു കോടതിയുടെ ഉത്തരവ്.

2017 ന്റെ അവസാന മാസങ്ങളില്‍ കേരളവും രാജ്യവും ഒക്കെ ആഴത്തില്‍ ചര്‍ച്ച ചെയ്ത ആ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആയിരുന്നു. അതേ ബെഞ്ചിന് മുന്നില്‍ മലയാളി ആയ മറ്റൊരു പെണ്‍കുട്ടി ഇന്ന് ഹാജര്‍ ആയി. വിവാഹമോചനത്തിന് ശേഷം മക്കളുടെ അവകാശത്തെ സംബന്ധിച്ച് അച്ഛനും അമ്മയും തമ്മില്‍ ഉള്ള തര്‍ക്കം ആണ് ആ പെണ്‍കുട്ടിയെ സുപ്രീം കോടതിയില്‍ എത്തിച്ചത്.

(ആ കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണെന്നും അതിനാല്‍ ഉത്തരവില്‍ പോലും പെണ്‍കുട്ടിയുടെ പേര് രേഖപെടുത്തരുത് എന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ആ ആവശ്യം അംഗീകരിച്ചതിനാല്‍ പേര് എഴുതാന്‍ കഴിയില്ല).

വിവാഹശേഷം മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ആ ഭര്‍ത്താവും ഭാര്യയും ഗള്‍ഫിലായിരുന്നു. ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയുമാണ് ഇരുവര്‍ക്കും ആയി ഉള്ളത്. ഏതാണ്ട് 10 വര്‍ഷം മുമ്പ് ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷം മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് അമ്മ കുടുംബ കോടതിയെ സമീപിച്ചു. പെണ്‍കുട്ടിക്ക് 18 വയസ്സ് ആകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ കസ്റ്റഡി അമ്മയ്ക്ക് കൈമാറി കോടതി ഉത്തരവിട്ടു. ആണ്‍കുട്ടിയുടെ കസ്റ്റഡി അച്ഛനും കോടതി കൈമാറി. എന്നാല്‍ പഠനം തുടരുന്നതിനാല്‍ പെണ്‍കുട്ടി നാട്ടിലേക്ക് വന്നില്ല. ഇതിനിടെ പെണ്‍കുട്ടിയെ അന്യായമായി അച്ഛന്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്നു എന്ന് ആരോപിച്ച് അമ്മ കേരള ഹൈകോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പെണ്‍കുട്ടിയുടെ നിലപാട് കേട്ട കോടതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി.

ഇതിനെതിരെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തുള്ള മകളെ ഹാജരാക്കാന്‍ അച്ഛനോട് കോടതി നിര്‍ദേശിച്ചു. ഇന്ന് അച്ഛനും അമ്മയും മകളും കോടതിയില്‍ എത്തി. മകളോട് ആരോടൊപ്പം പോകണം എന്ന് കോടതി ആരാഞ്ഞു. ഇപ്പോള്‍ അച്ഛനൊപ്പം താമസിക്കുന്ന താന്‍ വിദേശ രാജ്യത്ത് ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയുകയാണെന്നും, മടങ്ങിപോകാന്‍ അനുവദിക്കണം എന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു.

പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞതിനാല്‍ ഇഷ്ടമുള്ളെടുത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനം എടുക്കാം എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസും മറ്റ് രണ്ട് ജഡ്ജിമാരും കോടതികള്‍ പ്രായപൂര്‍ത്തിയായ സ്ത്രീയുടെയോ പുരുഷന്റെയോ സൂപ്പര്‍ രക്ഷകര്‍ത്താവാകരുതെന്ന് വ്യക്തമാക്കി. കോടതികള്‍ രക്ഷകര്‍ത്താക്കള്‍ ആകെണ്ടതില്ല. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ഇഷ്ടപ്പെടുന്നിടത്തേക്ക് യാത്രചെയ്യുകയും താമസിക്കുകയും ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഇവരുടെ രണ്ടാമത്തെ മകന് 18 വയസ്സ് തികയാത്തതിനാല്‍ വേനല്‍ അവധികാലത്ത് അമ്മയ്ക്ക് ഒപ്പം നില്‍ക്കാം എന്ന കുടംബ കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

ഒരേ കോടതി, ഒരേ ജഡ്ജിമാര്‍, രണ്ട് പെണ്‍കുട്ടികള്‍, ഏതാണ്ട് സമാനമായ വിഷയം (ഒരിടത്ത് കല്യാണം ഹൈകോടതി റദ്ദാക്കി എന്ന വസ്തുത വിസമരിക്കുന്നില്ല). രണ്ട് പെണ്‍കുട്ടികളോടും കോടതി സംസാരിക്കുമ്പോള്‍ ഒന്നാം നമ്പര്‍ കോടതിയുടെ പിന്‍വശത്തായി ഞാനുമുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top