ഒടിയന്‍ മാണിക്യത്തെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് മറ്റൊരു ഒടിയനുമായി പ്രിയനന്ദന്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തിന്റെ ടീസറും ലാലിന്റെ മേക്കോവറുമെല്ലാം ചുരുങ്ങിയ സമയം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകരും താരങ്ങളും മുന്നോട്ട് വന്നപ്പോള്‍ ഒടിയന്‍ മാണിക്യനിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നു ഓരോ മലയാളി പ്രേക്ഷകരും.

എന്നാല്‍ ലാല്‍ ചിത്രം ഒടിയന് പുറമെ മലയാളത്തില്‍ മറ്റൊരു ഒടിയനും കൂടി തയ്യാറെടുക്കുന്നതായാണ് സിനിമ ലോകത്തെ പുതിയ വാര്‍ത്ത. പ്രിയനന്ദന്‍ ആണ് ഒടിയന്‍ എന്ന പേരില്‍ മറ്റൊരു ചിത്രവുമായെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് പ്രിയനന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പി കണ്ണന്‍കുട്ടിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഒടിയനെന്നും പ്രിയനന്ദന്‍ വ്യക്തമാക്കി.

പ്രിയനന്ദന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്,

പി കണ്ണൻകുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്ക്കാരത്തിന്‌ ഞാൻ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികൾ വീണ്ടും അടയിരിക്കാനായി കൂടുകൾ കൂട്ടുന്നത്

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ വേഷപകര്‍ച്ചയാണ് ഒടിയന്‍ മാണിക്യന്‍. 30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. 1950 നും 1990 നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top