ഹിന്ദുക്കളെ പിന്നിലാക്കാന്‍ മുസ്‌ലിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ബന്‍വാരി ലാല്‍ സിംഗാള്‍

ജയ്പൂര്‍: മുസ്‌ലിം ജനങ്ങളെ അധിക്ഷേപിക്കുന്ന വിധത്തില്‍ വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എയായ ബന്‍വാരി ലാല്‍ സിംഗാള്‍ രംഗത്ത്. ജനസംഖ്യയുടെ കാര്യത്തില്‍ ഹിന്ദുക്കളെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിങ്ങള്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്നതെന്നാണ് ബന്‍വാരി പറഞ്ഞത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബന്‍വാരി പുതിയ വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദുക്കളെ പിന്നിലാക്കി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യവും മുസ്‌ലിങ്ങള്‍ക്കുണ്ടെന്നും ബന്‍വാരി ആരോപിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം മുസ്‌ലിങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ബന്‍വാരി പറഞ്ഞു.

മുസ്‌ലിങ്ങള്‍ 12-14 മക്കള്‍ക്ക് വരെ ജന്മം നല്‍കുന്നു. ഹിന്ദുക്കളാകട്ടെ അത് ഒന്നോ രണ്ടോ മക്കളില്‍ നിര്‍ത്തുന്നു. അതോടെ മുസ്‌ലിങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയും അത് ഹിന്ദുക്കളെ പിന്നിലാക്കുന്നതിനും കാരണമാകുന്നു. ഇത് ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയാണെന്നും ബന്‍വാരി പറഞ്ഞു.

രാജ്യത്ത് ഹിന്ദുക്കള്‍ ഇപ്പോള്‍ രണ്ടാംകിട പൗരന്മാരായി മാറിയിരിക്കുകയാണ്. മുസ്‌ലിങ്ങളാണ് നിയമനിര്‍മാണം നടത്തുന്നതെന്നും ബന്‍വാരി ആരോപിച്ചു. അല്‍വാറിലെ എംഎല്‍എയാണ് ബന്‍വാരി സിംഗാള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top