“വ്യക്തിപരമായ ഇഷ്ടക്കേടിന് സിനിമയുടെ പാട്ടിന് ഡിസ്‌ലൈക്ക് അടിക്കുന്നത് കാടത്തം”: പാര്‍വതിയുടെ സിനിമയ്ക്ക് പിന്തുണയുമായി ജൂഡ്

ജൂഡ് ആന്റണി ജോസഫ്

പൃഥ്വീരാജ്-പാര്‍വതി താരജോഡികളുടെ ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറിക്ക് പിന്തുണയുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. വ്യക്തിപരമായ ഇഷ്ടക്കേടിന്റെ പേരില്‍ സിനിമയുടെ പാട്ടിന് ഡിസ്‌ലൈക്ക് അടിക്കുന്നത് കാടത്തമാണെന്ന് ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. സിനിമയെ പിന്തുണയ്ക്കുന്നതായും ജൂഡ് വ്യക്തമാക്കി.

ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. #സപ്പോര്‍ട്ട് സിനിമ ഇതാണ് ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം, നടിക്കെതിരായ സൈബര്‍  ആക്രമണത്തെ കുറിച്ച് ജൂഡ് മൗനം പാലിക്കുകയാണ്.

മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍വതിക്കെതിരായ പ്രതികാരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പലതരത്തില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതിന് ഡിസ് ലൈക്ക് അടിച്ചാണ് ചിലര്‍ പാര്‍വതിയോടുള്ള രോഷം തീര്‍ത്തിരിക്കുന്നത്. നാലായിരം ലൈക്ക് മാത്രം നേടിയ വീഡിയോ 47,000 ത്തോളം ആളുകളാണ് ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് ജൂഡ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ കസബയ്‌ക്കെതിരായ പ്രസ്താവനകളുടെ പേരില്‍ ജൂഡ് പാര്‍വതിക്കെതിരെ അധിക്ഷേപകരമായ വിമര്‍ശനം നടത്തിയിരുന്നു. പാര്‍വതിയെ കുരങ്ങിനോട് ഉപമിച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. എന്നാല്‍ മികച്ചൊരു പോസ്റ്റിലൂടെ പാര്‍വതി ജൂഡിന് മറുപടി നല്‍കി. ഈ മറുപടി കേരളമാകെ നെഞ്ചേറ്റുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

ഇതായിരുന്നു പാര്‍വതിക്കെതിരായ ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.

ഈ പോസ്റ്റിന് പാര്‍വതി നല്‍കിയ മറുപടി ഇങ്ങനെ:

എല്ലാം സര്‍ക്കസ് മുതലാളിമാരോടും എന്ന് തലക്കെട്ട് കൊടുത്ത് ഒഎംകെവി എന്ന് ആലേഖനം ചെയ്തിരിക്കുന്ന ഒരു തുണിയുടെ ചിത്രമാണ് പാര്‍വതി പങ്കുവച്ചത്. ഫെമിനിച്ചി സ്പീക്കിംഗ് എന്നൊരു ഹാഷ് ടാഗും മറുപടിയിലുണ്ട്. മാന്യമായ ഭാഷയില്‍ ഓടെടാ മലരേ കണ്ടം വഴി എന്നുതന്നെ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top