റോഹിംഗ്യന്‍, കാറ്റലോണിയ, ജറുസലേം…. ലോകം പോയവര്‍ഷം

പ്രതീകാത്മക ചിത്രം

പോര്‍വിളികളും സ്വാതന്ത്ര്യ പ്രഖ്യാപനവും അധികാര മാറ്റവുമായി ലോകരാഷ്ട്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വര്‍ഷമായിരുന്നു 2017. കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം, ജെറുസലേമിന്റെ തലസ്ഥാനപദവി, റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം, ഉത്തരകൊറിയ-അമേരിക്കന്‍ നിലപാടുകള്‍ എന്നിവ 2017 ല്‍ ലോകം ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളായിരുന്നു. പോയ വര്‍ഷത്തെ പ്രധാന ലോക വാര്‍ത്തകളിലൂടെ ഒരു യാത്ര..

മുറിപ്പെടുത്തുന്ന ഓര്‍മകളുമായി റോഹിംഗ്യന്‍ ജനത

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഏറെ ദുരിതം അനുഭവിച്ച വര്‍ഷമാണ് 2017. മ്യാന്‍മറിലെ റാഖിനില്‍ ഓഗസ്റ്റ് 25 ന് സായുധ സംഘടനയായ ആര്‍സ പൊലീസിന്റെയും പട്ടാളത്തിന്റെയും കാവല്‍പ്പുരകള്‍ തകര്‍ത്തതിന് ഇരയാകേണ്ടി വന്നത് അവിടെ താമസിച്ച റോഹിംഗ്യന്‍ ജനതയായിരുന്നു. ഐക്യരാഷ്ട്ര സഭ ലോകത്തെ ഏറ്റവും വലിയ പീഡിതരെന്ന് വിശേഷിപ്പിക്കുന്ന റോഹിംഗ്യന്‍ ജനതയുടെ കുടിലുകള്‍ പട്ടാളക്കാര്‍ കത്തിച്ചു.

ആറുലക്ഷത്തിലധികം റോഹിംഗ്യകള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടി. റാഖിനില്‍ റോഹിംഗ്യങ്ങള്‍ക്ക് നേരിടേണ്ടിവന്ന അക്രമങ്ങളോട് പ്രധാനമന്ത്രി ആങ് സാന്‍ സ്യൂചി മൗനം പാലിച്ചത് ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. റോഹിംഗ്യകളെ പൗരന്മാരായി മ്യാന്‍മാര്‍ ഒരിക്കലും അംഗീകരിച്ചില്ല എന്നതാണ് മറ്റൊരു വസ്തുത. കുടിയേറ്റക്കാരായാണ് റോഹിംഗ്യന്‍ ജനതയെ മ്യാന്‍മാര്‍ കാണുന്നത്.

എന്നാല്‍ പാലായനം ചെയ്ത റോഹിംഗ്യന്‍ ജനതയെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള സാമ്പത്തികശേഷി പൊതുവെ ദരിദ്രരാജ്യമായ ബംഗ്ലാദേശിനുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവരെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഒടുവില്‍ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഓഗസ്റ്റ് 25 ന് ശേഷം രാജ്യത്ത് നിന്നുപോയവര്‍ക്ക് രണ്ടുമാസത്തിനകം തിരിച്ചുവരാമെന്ന് മ്യാന്‍മാര്‍ സമ്മതിച്ചു. അതേസമയം, 2012 ല്‍ മറ്റൊരു കലാപത്തില്‍ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും കുടിയേറിയ റോഹിംഗ്യകളെ തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് മ്യാന്‍മാര്‍. 40,000 റോഹിംഗ്യകളാണ് ഇന്ത്യയില്‍ കഴിയുന്നത്. ഇവരെ തിരിച്ചയക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനെതിരെ റോഹിംഗ്യന്‍ ജനത കോടതിയെ സമീപിച്ചിരിക്കുകയാണ്.

പോര്‍വിളികളുമായി ഉത്തരകൊറിയയും അമേരിക്കയും

ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന നിലയ്ക്കായിരുന്നു ഉത്തരകൊറിയയുടെയും അമേരിക്കയുടെയും നിലപാടുകളെ ലോകം ഉറ്റുനോക്കിയത്. വര്‍ഷങ്ങളായി അമേരിക്കയോടുള്ള ഉത്തരകൊറിയയുടെ വിദ്വേഷം ട്രംപ് പ്രസിഡന്റായതോടെ ഇരട്ടിയായി. പ്രസിഡന്റ് പദവിയില്‍ ട്രംപ് നിയോഗിക്കപ്പെട്ടതിന് തൊട്ടുപുറകെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചു. ഇപ്പോഴും പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തില്‍ ആണവായുധ പരീക്ഷണങ്ങള്‍ തുടരുകയാണ്.

ഉത്തരകൊറിയയുടെ നടപടിക്കെതിരെ യുഎന്‍ നിരവധി ഉപരോധങ്ങള്‍ കൊണ്ടുവന്നെങ്കിലും വിദ്വേഷം അവസാനിപ്പിക്കാന്‍ കിംഗ് ജോംഗ് ഉന്‍ തയ്യാറായില്ല. പിന്നീട് യുഎന്‍ സമ്മര്‍ദത്തിന്റെ ഫലമായി ഉത്തരകൊറിയയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായ ചൈന സമുദ്രോത്പന്ന ഇറക്കുമതി, കല്‍ക്കരി ഇറക്കുമതി, എന്നിവ റദ്ദാക്കുകയും പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു. ഇതിനിടെ ട്രംപ് ചൈന സന്ദര്‍ശിച്ചതും ഉത്തരകൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. ആണവായുധ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ ഇപ്പോഴും തുടരുകയാണ്.

സ്വാതന്ത്ര്യം കൊതിച്ച് കാറ്റലോണിയ

സ്വതന്ത്രരാകാനുള്ള കാറ്റലോണിയയുടെ ദാഹത്തിന് തീവ്രതയേറിയ വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. സ്‌പെയിനില്‍ നിന്ന് വേര്‍പെടുന്നതിന് ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ സ്പാനിഷ് സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് 90 ശതമാനം പേര്‍ വോട്ടുചെയ്തുവെന്നാണ് കണക്ക്. ഹിതപരിശോധനയിലെ വിജയത്തെ തുടര്‍ന്ന് കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27 ന് സ്‌പെയിനിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

സ്‌പെയിനില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ഭാഷയും സംസ്‌കാരവും പിന്തുടരുന്ന കാറ്റലോണിയയുടെ കഴിഞ്ഞ അഞ്ചുവര്‍ഷമായുള്ള ആവശ്യമായിരുന്നു സ്‌പെയിനില്‍ നിന്ന് വേര്‍പെടണമെന്നുള്ളത്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ ആയിരങ്ങള്‍ തെരുവിലറങ്ങിയ ആഹ്ലാദ പ്രകടനം മാത്രം മതി വര്‍ഷങ്ങളായുള്ള ഒരു ജനതയുടെ ആവശ്യത്തിന്റെ വ്യാപ്തി അറിയാന്‍. തങ്ങള്‍ക്കുമേല്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താന്‍ സ്‌പെയിന്‍ നടത്തിവരുന്ന നീക്കങ്ങള്‍ക്കെതിനെതിരെ കാറ്റലോണിയന്‍ ജനത ഒന്നിച്ചുനിന്നു.

എന്നാല്‍ സ്‌പെയിന്റെ സമ്പദ്ഘടനയുടെ നെടുംതൂണായ കാറ്റലോണിയ സ്വതന്ത്രമാകുന്നത് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ സ്പാനിഷ് സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്റെ മധുരം രുചിക്കും മുന്‍പ് തന്നെ കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. കാറ്റലോണിയന്‍ പ്രസിഡന്റിനെയും മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് പുജ്ഡമൊന്‍ ബെല്‍ജിയത്തിലേക്ക് കടന്നു. പക്ഷെ പിന്നീട് നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ സ്‌പെയിനിന് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. സ്‌പെയിന്‍ സര്‍ക്കാരിനെ നിഷ്പ്രഭരാക്കി സ്വാതന്ത്ര്യവാദികള്‍ വിജയിച്ചു. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന കാറ്റലോണിയന്‍ അന്തരീക്ഷം പുതുവര്‍ഷത്തിലും സംഘര്‍ഷങ്ങളിലേക്ക് വഴിവെയ്ക്കുമോയെന്ന് കണ്ടറിയണം.

ട്രംപിന്റെ നിര്‍ണായക പിന്മാറ്റങ്ങളും നിലപാടുകളും

അധികാരത്തിലെത്തി ഒരു വര്‍ഷം തികയ്ക്കും മുന്‍പ് തന്നെ വിവാദമായ പല തീരുമാനങ്ങളും കൈക്കൊണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായകമായ പല അന്താരാഷ്ട്ര ഉടമ്പടികളില്‍ നിന്നും പിന്മാറി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സാക്ഷാത്കരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യം. ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിടിപി) നിന്നായിരുന്നു ആദ്യ പിന്മാറ്റം. പ്രസിഡന്റ് പദത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ടിടിപിയില്‍ നിന്ന് പിന്മാറാനുള്ള കരാറില്‍ ട്രംപ് ഒപ്പിട്ടത്. മുന്‍പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന പസഫിക് സമുദ്രപ്രദേശങ്ങളിലെ രാജ്യങ്ങളുമായുള്ള ഉടമ്പടി യുഎസിന് സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും ഉണ്ടാക്കുമെന്നായിരുന്നു ട്രംപിന്റെ കണ്ടെത്തല്‍.

ടിടിപി ഉടമ്പടിയില്‍ നിന്ന് പിന്മാറിയതിന് പുറകെ ജൂണിലാണ് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്മാറിയത്. ഹരിതഗൃഹ പ്രഭാവം കുറയ്ക്കുന്നതിനും കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിനുമായി നിലവില്‍ വന്ന പാരീസ് ഉടമ്പടി ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ് ഗുണം ചെയ്യുന്നതെന്നും അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനോടൊപ്പം കല്‍ക്കരി, എണ്ണ, പ്രകൃതി വാതക വിപണികളുടെ വളര്‍ച്ച തടയുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം.

ഇസ്രയേലിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് യുനെസ്‌കോയില്‍ നിന്നുള്ള പിന്മാറ്റവും യുനെസ്‌കോയ്ക്ക് സഹായധനം നല്‍കുന്നത് അവസാനിപ്പിച്ചതും ട്രംപിന്റെ മറ്റൊരു നീക്കമായിരുന്നു. കൂടാതെ ഇറാന്‍, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി യുഎസ് എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ ആണവ ഉടമ്പടിയായ കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന് അനുമതി നിഷേധിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. വീണ്ടുവിചാരമില്ലാത്ത പല നടപടികളും 2017 ല്‍ ഡോണള്‍ഡ് ട്രംപ് കൈക്കൊണ്ടു. അതില്‍ ഏറ്റവും വിവാദമായത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനമായിരുന്നു. പലസ്തീന്റെയും അറബ് രാഷ്ട്രങ്ങളുടെയും എതിര്‍പ്പ് പരിഗണിക്കാതെയുള്ള നടപടിക്ക് വ്യാപക പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.

കാലങ്ങളായുള്ള പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഏഴിന് വെറ്റ്ഹൗസില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. ടെല്‍ അവീവിലുള്ള യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിസ്ഥാപിക്കാനും ട്രംപ് ഉത്തരവിട്ടു. തീരുമാനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്തപ്പോള്‍ പലസ്തീന്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

വീണ്ടുവിചാരമില്ലാത്ത അമേരിക്കന്‍ നടപടിക്കെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തെത്തി. ഗാസ അതിര്‍ത്തിയിലും വെസ്റ്റ് ബാങ്കിലും മറ്റ് പലസ്തീന്‍ നഗരങ്ങളിലുമായി അമേരിക്കയുടെ തീരുമാനത്തിനെതിരെ വന്‍ ജനരോഷമാണ് പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് ട്രംപിന്റെ നിലപാടിനെതിരെ പലസ്തീന്‍ തെരുവുകളില്‍ പ്രതിഷേധപ്രകടനത്തിനെത്തിയത്. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ ശക്തമായി അപലപിച്ചു. മധ്യപൂര്‍വേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കും ട്രംപിന്റെ തീരുമാനം തടസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. ജറുസലേം വിഷയത്തില്‍ പലസ്തീന്‍ ഇപ്പോഴും പുകയുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top