പാര്‍വതിയെ പിന്തുണച്ചു, അമളി പറ്റിയപ്പോള്‍ സ്വയം തിരുത്തി ശശി തരൂര്‍

കസബ വിവാദത്തില്‍ നടി പാര്‍വതിയെ പിന്തുണച്ച ശശി തരൂര്‍ എംപിക്ക് പറ്റിയ അമളിയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ബോളിവുഡ് നടന്‍ ശശി കപൂറിന്റെ മരണം ടൈംസ് നൗ  ശശി തരൂര്‍ എന്ന് ട്വീറ്റ് ചെയ്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ചാനലിന് സംഭവിച്ച അബദ്ധത്തെ ശശി തരൂര്‍ വിമര്‍ശിച്ചിരുന്നെങ്കിലും അന്ന് ടൈംസ് നൗവിന് പറ്റിയ അബദ്ധം ഇന്ന് ശശി തരൂരിന് സംഭവിച്ചിരിക്കുകയാണ്.

കസബ വിവാദവുമായി ബന്ധപ്പെട്ട് നടി പാര്‍വതിയെ പിന്തുണച്ച് കൊണ്ട് തരൂര്‍ ചെയ്ത ട്വീറ്റില്‍ പക്ഷെ ടാഗ് ചെയ്തിരിക്കുന്നത് മറ്റൊരു നടിയെ ആണെന്ന് മാത്രം. പാര്‍വതി ടികെയ്ക്ക് പകരം പാര്‍വതി നായരെയാണ് അദ്ദേഹം ടാഗ് ചെയ്തത്. തരൂര്‍ ടാഗ് ചെയ്തത് വിവാദവുമായി ബന്ധപ്പെട്ട പാര്‍വതിയെ അല്ലെന്ന് ചിലര്‍ കമന്റ് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ തിരുത്തുകയായിരുന്നു.

പാര്‍വതിക്ക് പിന്തുണയുമായി മലയാള സിനിമ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ”താന്‍ ആ സിനിമ കണ്ടിട്ടില്ല. എന്നാല്‍ സിനിമയെ സംബന്ധിച്ച് സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്. അതിനെ താന്‍ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും ശശി തരൂര്‍ പറയുന്നു. പാര്‍വതിക്ക് പിന്തുണയുമായി സിനിമയിലെ മുതിര്‍ന്ന പുരുഷ താരങ്ങള്‍ മുന്നോട്ട് വരണമെന്നും അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച നടത്തണമെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു”.

പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം രൂക്ഷമായിരുന്നു. മമ്മൂട്ടിയുടെ കസബ ചിത്രത്തിലെ രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്. ഐഎഫ്എഫ്‌കെ വേദിയില്‍വെച്ചായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.

പ്രസ്താവനയെ തുടര്‍ന്ന് നിരവധി പേര്‍ പാര്‍വതിയെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പാര്‍വതിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. സൈബര്‍ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍വതി സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ചിത്രത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാര്‍വതിക്കുനേരെ സൈബര്‍ ആക്രമണം ഉണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top