പാഞ്ഞുവരുന്ന കാട്ടാനയ്ക്കുമുന്നില്‍ നെഞ്ചുവിരിച്ച് അസാധ്യ പ്രകടനവുമായി ഒരു ഗൈഡ് (വീഡിയോ)


കുത്താന്‍ വരുന്ന പോത്തിനോട് വേദമോതരുത് എന്നാണ് പഴമൊഴി. അതായത് ആക്രമിക്കാന്‍ വരുന്നത് മൃഗമായാലും മനുഷ്യനായാലും അതിനെ സൗമ്യഭാവങ്ങള്‍കൊണ്ട് പിന്തിരിപ്പിക്കാന്‍ നില്‍ക്കാതെ കണ്ടംവഴി ഓടിക്കോണം എന്ന് സാരം. അല്ലെങ്കില്‍ അതിന്റേതായ രീതിയില്‍ എതിരിടണം. എന്നാല്‍ ആഫ്രിക്കയില്‍നിന്നുള്ള ഒരു ഗൈഡ് ഇപ്പോള്‍ ലോകപ്രശസ്തനാകുന്നത് പഴഞ്ചൊല്ലില്‍ പതിരുണ്ട് എന്ന് തെളിയിച്ചുകൊണ്ടാണ്.

ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് വഴിതെളിക്കുന്ന ഗൈഡാണ് അലന്‍ മക്‌സ്മിത്ത്. അടുത്തിടെ തന്റെ ജോലി ചെയ്യുന്നതിനിടയില്‍ അലന് ഒരു അനുഭവമുണ്ടായി. ഒരു ഒറ്റയാന്‍ കലിപൂണ്ട് അടുത്തേക്ക് ഓടിയെത്തി. അലന് പിന്നിലായി സഞ്ചാരികളും. എന്നാല്‍ ആനെയെ വെടിവയ്ക്കുകയോ വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയോ ചെയ്യാതെ അലന്‍ ആനയെ വരുതിക്ക് നിര്‍ത്തി. അതും ഒരു ചെറിയ വടി മാത്രം ഉപയോഗിച്ചുകൊണ്ട്!

ഇതിന്റെ രഹസ്യം അലന്‍ വെളിപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും പ്രത്യേക വിദ്യകളൊന്നുമല്ല പ്രയോഗിച്ചിരിക്കുന്നത്. വെറും ധൈര്യം മാത്രമാണ്. മാത്രമല്ല സ്ഥിരം ഇത്തരം അവസ്ഥകളില്‍ എത്തുമ്പോള്‍ രക്ഷപ്പെടാതെ വടികൊണ്ട് ഈ രീതി പരിശീലിച്ചു. മനസാന്നിധ്യവും ധൈര്യവുമാണ് വേണ്ടത്. എന്നാല്‍ പരിശീലനമില്ലാതെ ഇപ്പണി കാണിക്കരുതെന്നും അലന്‍ പറയുന്നു.

ശാന്തമായി ഈ സാഹചര്യം കൈകാര്യം ചെയ്യണമെന്നും അലന്‍ പറയുന്നു. ശാന്തതയില്‍നിന്നുള്ള ഊര്‍ജ്ജമാണ് തനിക്ക് അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതില്‍ സഹായകരമാകുന്നത്. ഏതൊരു വന്യജീവിയേയും ഇത്തരത്തില്‍തന്നെ കൈകാര്യം ചെയ്താല്‍ അത് അവയ്ക്കും നമുക്കും അപകടമുണ്ടാകാതിരിക്കാന്‍ സഹായിക്കും. അലന്‍ പറയുന്നു.

തങ്ങളായിരുന്നെങ്കില്‍ മറുത്തൊന്ന് ചിന്തിക്കാതെ ആനയെ വെടിവച്ചേനെ എന്നാണ് മറ്റ് ഗൈഡുകളുടെ അഭിപ്രായം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയോട് പ്രതികരിക്കുന്നവരും ഗൈഡിന്റെ അസാമാന്യ പ്രകടനം കണ്ട് അതിശയിക്കുകയാണ്. ജീവന്‍ പണയപ്പെടുത്തി മാത്രമേ ഈ വിദ്യയ്ക്ക് തുനിയാവൂ എന്നാണ് അഭിപ്രായങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top