ഈ വര്‍ഷത്തെ അവസാന എല്‍ ക്ലാസിക്കോ ഇന്ന്; റയലിന് നിര്‍ണായകം

സാന്റിയാഗോ: ഈ വര്‍ഷത്തെ അവസാന എല്‍ ക്ലാസിക്കോ ഇന്ന് നടക്കും. ലാ ലിഗയിലാണ് റയലും ബാഴ്‌സയും ഏറ്റുമുട്ടുന്നത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30 നാണ് മത്സരം ആരംഭിക്കുന്നത്. ലാ ലിഗയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന റയലിന് നിര്‍ണായകമാണ് ഇന്നത്തെ മത്സരം.

മത്സരം സോണി-ടെന്‍ നെറ്റ് വര്‍ക്ക് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി എല്‍ ക്ലാസിക്കോ മലയാളം കമന്ററിയോടെ സംപ്രേക്ഷണം ചെയ്യുന്നു എന്നപ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. സോണി-ടെന്‍ 1 ചാനലാണ് മലയാളം കമന്ററിയോടെ മത്സരം സംപ്രേക്ഷണം ചെയ്യുന്നത്.

സ്പാനിഷ് ലിഗ് കിരീടം, കോപ്പാ ഡെല്‍ റേ, യുവേഫാ സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിങ്ങനെ അഞ്ചുകിരീടങ്ങള്‍ ഷോക്കേസിലേക്ക് കൊണ്ടു പോയ റയലിന്റെ നടപ്പു സീസണിലെ ലാ ലിഗാ പോരാട്ടങ്ങള്‍ പക്ഷേ ആവേശകരമല്ല. ലാ ലിഗയില്‍ പതിനഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒമ്പതു വിജയവും നാല് സമനിലയും രണ്ടു തോല്‍വിയുമായി ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും വലയന്‍സിയക്കും താഴെ നാലാം സ്ഥാനത്താണവര്‍. നേടാനായത് 31 പോയിന്റും. ബാഴ്‌സയില്‍ നിന്ന് 11 പോയിന്റു താഴെ. അതുകൊണ്ട് തന്നെ എല്‍ ക്ലാസിക്കോ അവരെ സംബന്ധിച്ച് നിര്‍ണായകവുമാണ്. തോറ്റാല്‍ ഒരു പക്ഷേ ലീഗ് കിരീടം തന്നെ അടിയറ വെയ്‌ക്കേണ്ടിവരും. ജയിച്ചാല്‍ അതു നല്‍കുന്ന ഊര്‍ജം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വലിയ കരുത്താവുകയും ചെയ്യും.

കാര്യമായ കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും നടപ്പു സീസണില്‍ ബാഴ്‌സയുടെ പ്രകടനങ്ങള്‍ ആവേശകരമാണ്. ലാലിഗയില്‍ പതിനാറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു മത്സരവും അവര്‍ തോറ്റിട്ടില്ല എന്നതുതന്നെ പ്രധാനം. പതിനാറില്‍ 13 മത്സരങ്ങളും വിജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്കിപ്പോള്‍ 42 പോയിന്റാണുള്ളത്. നെയ്മര്‍ ടീം വിട്ടുപോയപ്പോള്‍ അല്‍പ്പമൊന്ന് ഇടറിയെങ്കിലും പൗളീഞ്ഞോ, മെസി, സുവാരസ് കൂട്ടുകെട്ട് ഫലപ്രദമാണെന്ന് തന്നെയാണ് ഒടുവിലെ മത്സരങ്ങള്‍ വ്യക്തമാക്കുന്നത്. ലാ ലിഗയിലെ പതിനാറ് മത്സരങ്ങളില്‍ നിന്ന് അവര്‍ നേടിയത് 42 ഗോളാണ്, വാങ്ങിയത് ഏഴുഗോളും. റയലിന് 36 ഗോള്‍ മാത്രമേ ലാ ലിഗയില്‍ നേടാനായിട്ടുള്ളു. തിരിച്ചു വാങ്ങിയതാകട്ടെ പതിനൊന്നും.

മത്സരഫലങ്ങളും പ്രകടനവും വിലയിരുത്തിയാല്‍ റയല്‍ നിരയില്‍ അനിശ്ചിതത്വങ്ങള്‍ ഏറെയാണെന്നു കാണാം. ബാഴ്‌സയില്‍ പക്ഷേ അത് അത്ര പ്രകടമല്ല. നടപ്പു സീസണില്‍ റയലും ബാഴ്‌സയും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത് കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു. അന്ന് 32ന് ബാഴ്‌സയ്ക്കായിരുന്നു വിജയം. അതിനു മുമ്പ് 2016 ഡിസംബര്‍ മൂന്നിനായിരുന്നു ഇവരുടെ മുഖാമുഖം. അന്ന് മത്സരം 11 ന് സമനിലയില്‍ പിരിയുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top