ജിഷ്ണു പ്രണോയ് ചരമവാര്‍ഷികം ഒഴിവാക്കാന്‍ നീക്കം; കോളെജിന് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് മാനേജ്‌മെന്റ്

ജിഷ്ണു പ്രണോയ് (ഫയല്‍ ചിത്രം)

തൃശൂര്‍: ജിഷ്ണു പ്രണോയ് ചരമ വാര്‍ഷിക ദിനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥികള്‍. സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് പറഞ്ഞ് ജിഷ്ണുവിന്റെ ചരമവാര്‍ഷികദിനത്തില്‍ കോളെജിന് അവധി നല്‍കിയതായാണ് ആരോപണം. അനുസ്മരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വാര്‍ഷികത്തില്‍ ജനുവരി അഞ്ചിന് എസ്എഫ്‌ഐ അനുസ്മരണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജനുവരി അഞ്ച് മുതല്‍ എട്ട് വരെ അവധി നല്‍കി കൊണ്ട് കോളെജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മൂല്യനിര്‍ണയ ചുമതല ഉള്ളതിനാല്‍ ജീവനക്കാര്‍ കുറവായതിനാലാണ് അവധി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ ജിഷ്ണു അനുസ്മരണം ഒഴിവാക്കാനാണ് അവധിയെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

കോളെജ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍

ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ കോളെജിന് ക്രിസ്മസ് അവധിയാണ്. എന്നാല്‍ കോളെജ് ജീവനക്കാരുടെ കുറവ് ഉള്ളതിനാല്‍ റഗുലര്‍ ക്ലാസുകള്‍ എട്ടാം തീയതി മാത്രമേ ആരംഭിക്കുകയുള്ളൂ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

അനുസ്മരണത്തിന്റെ ദിവസം പുറത്ത് വിടാതിരുന്നത് കൊണ്ടാണ് മൂന്ന് ദിവസം അവധി കൊടുത്തതെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു. വലിയ സമരകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കിയതായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണം. മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പീഡനം മൂലമായിരുന്നു ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സഹപാഠികളും വീട്ടുകാരും ആരോപിക്കുന്നത്. നിലവില്‍ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top