രാജ്യസഭയില്‍ സംസാരിക്കാനാകാതെ പോയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിന്‍

കോണ്‍ഗ്രസ് ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ തനിക്ക് സംസാരിക്കാനാകാതെ പോയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രാജ്യസഭയില്‍ ആദ്യമായി സംസാരിക്കാനെത്തിയ സച്ചിനെ പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇന്ത്യയെ എങ്ങനെ കായികരാജ്യമാക്കാം എന്നതിനെക്കുറിച്ചാണ് സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കാന്‍ ആഗ്രഹിച്ചത്. കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെത്തുടര്‍ന്ന് പതറിപ്പോയ സച്ചിന്‍ സംസാരിക്കാതെ പിന്‍വാങ്ങുകയായിരുന്നു.

രാജ്യസഭയില്‍ തനിക്ക് പറയാന്‍ കഴിയാതെ പോയ കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുകയായിരുന്നു സച്ചിന്‍. 15 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

കായികതാരമെന്ന നിലയില്‍ കായികരംഗത്തെയും ആരോഗ്യത്തെയും കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളതെന്ന് പറഞ്ഞ സച്ചിന്‍ കായിക മത്സരങ്ങളെ സ്‌നേഹിക്കുന്ന രാജ്യമെന്ന നിലയില്‍ നിന്ന് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന രാജ്യമാക്കി മാറ്റാനുള്ള ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് താനെന്നും വീഡിയോയില്‍ പറഞ്ഞു.

തന്റെ പ്രയത്‌നത്തില്‍ പങ്കുചേര്‍ന്ന് ഇത് എല്ലാവരുടേയും സ്വപ്‌നമാക്കി മാറ്റണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന കാര്യം മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. ലോകത്തെ മാറ്റിമറിക്കാന്‍ സ്‌പോര്‍ട്‌സിന് സാധിക്കും. സ്‌പോര്‍ട്‌സിന് ജനങ്ങളെ പ്രചോദിപ്പിക്കാനുള്ള കഴിവുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

തന്റെ ജീവിതം ക്രിക്കറ്റ് ആയിരുന്നുവെന്നും തന്റെ ആഗ്രഹങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ക്രിക്കറ്റ് കളിക്കാന്‍ എല്ലാ പിന്തുണയും സ്വാതന്ത്രവും നല്‍കുകയും ചെയ്ത എഴുത്തുകാരനും കവിയുമായ അച്ഛന്‍ ഉമേഷ് ടെന്‍ഡുല്‍ക്കറിനും സച്ചിന്‍ നന്ദി പറഞ്ഞു.

രാജ്യത്ത് പരിഗണിക്കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെങ്കിലും ഒരു കായികതാരമെന്ന നിലയിലാണ് താന്‍ കായികത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നും ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ മാറ്റം വരുത്താന്‍ സ്‌പോര്‍ട്‌സിന് കഴിയുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയില്‍ സച്ചിന്‍ കായികത്തെക്കുറിച്ച് സംസാരിക്കാനൊരുങ്ങവെ പ്രധാന മന്ത്രിയുടെ പാക് പരാമര്‍ശം വിഷയമാക്കി പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഭാരത രത്‌ന ലഭിച്ചിട്ടുള്ള സച്ചിനെപ്പോലൊരു വ്യക്തിക്ക് അല്‍പംകൂടി ബഹുമാനം നല്‍കാമെന്നും അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top