എമ്മ റെന്‍; ഭൂമിയില്‍ പിറന്നു വീഴാന്‍ 25 വര്‍ഷം കാത്തിരുന്ന പെണ്‍പൂവ്

എമ്മ റെന്‍ മാതാപിതാക്കള്‍ക്കൊപ്പം

എമ്മ റെന്‍, ബെഞ്ചമിന്‍-ടിന ഗിബ്‌സണ്‍ ദമ്പതികള്‍ക്ക് ക്രിസ്മസ് സമ്മാനമായി പിറന്ന പെണ്‍കുഞ്ഞിന്റെ പേരാണത്. ഏതോ രാജ്യത്തുള്ള ഏതോ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നതില്‍ എന്താണിത്ര പ്രത്യേകത എന്ന് ചോദിച്ചാല്‍ ഒട്ടേറെ പ്രത്യേകതകളുള്ള കുഞ്ഞാണ് എമ്മ റെന്‍.

ഭൂമിയില്‍ മനുഷ്യജന്മമെടുക്കാനായി ഒന്നും രണ്ടുമല്ല നീണ്ട ഇരുപത്തഞ്ച് വര്‍ഷങ്ങളാണ് അവള്‍ കാത്തിരുന്നത്. ഒടുവില്‍ അവള്‍ക്ക് അച്ഛനുമമ്മയുമാകാന്‍ ബെഞ്ചമിനും ടിന ഗിബ്‌സണും എത്തുകയായിരുന്നു. ഒരു പക്ഷേ 1992 ല്‍ ഭൂമിയില്‍ പിറന്നു വീഴേണ്ടവള്‍. കുഞ്ഞുങ്ങളില്ലാത്തവര്‍ക്കായി ദാനം ചെയ്യപ്പെട്ട ഭ്രൂണമായിരുന്നിട്ടും അവളെ ഗര്‍ഭപാത്രത്തില്‍ സ്വീകരിക്കാന്‍ ആരുമെത്തിയില്ല.

ലബോറട്ടറിയിലെ ശീതീകരിച്ച അറയില്‍ ആരാലും സ്വീകരിക്കപ്പെടാതെ വര്‍ഷങ്ങളോളം ഒരു ഭ്രൂണം ഇരുന്നപ്പോള്‍ ആ ഭ്രൂണത്തിന് ഒരു കൗതുകത്തിന് നല്‍കിയ പേരാണ് എമ്മ എന്ന്. ഒടുവില്‍ 2017 മാര്‍ച്ച് മാസത്തിലാണ് ഈ ഭ്രൂണം സ്വീകരിക്കാന്‍ ഒരു ദമ്പതികളെത്തുന്നത്. ഐവിഎഫ് സംവിധാനം വഴി മാര്‍ച്ച് 13 നായിരുന്നു ശീതീകരിച്ച ഭ്രൂണത്തെ ടിനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്.

25 വര്‍ഷം പഴക്കമുള്ള ഭ്രൂണമാണ് തങ്ങള്‍ സ്വീകരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ടിനയും ബെഞ്ചമിനും അത്ഭുതപ്പെട്ടുപോയി. 1992 ല്‍ത്തന്നെ എമ്മ ജനിക്കുകയായിരുന്നെങ്കില്‍ അവള്‍ ടിനയെക്കാള്‍ ഒരു വയസ്സ് മാത്രം ഇളയതാകുമായിരുന്നു. എന്നാല്‍ നീണ്ട 25 വര്‍ഷം ശീതീകരണിയില്‍ കാത്തിരുന്ന് എമ്മ ടിനയ്ക്ക് മകളായി പിറന്നു.

സ്വാഭാവിക ഗര്‍ഭധാരണം സാധ്യമല്ലാത്തതിനാലാണ് ടിന കൃത്രിമ ഗര്‍ഭധാരണത്തിന് തയ്യാറായത്. നവംബര്‍ 25നാണ് 26 കാരിയായ ടിന പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. മൂന്നാഴ്ച പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ടിന പറഞ്ഞു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭ്രൂണമായി ശീതീകരണിയില്‍ കഴിഞ്ഞ ശേഷം പിറന്ന കുഞ്ഞാണ് എമ്മ. 20 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്നും ഇതിനു മുമ്പും കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top