വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

സുരേഷ്‌ഗോപി

തിരുവനന്തപുരം: പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയിലെ വാഹനരജിസ്‌ട്രേഷന് വേണ്ടി സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കുകയും നികുതി വെട്ടിച്ച് സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിക്കുകയും ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ഇതാദ്യമായാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി ക്രിസ്മസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും.

2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എംപിയായതിന് ശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പുതുച്ചേരിയിലെ കൃഷിയിടത്തില്‍ പോകാനാണ് വാഹനം വാങ്ങിയെതെന്ന മുന്‍ നിലപാട് സുരേഷ് ഗോപി വീണ്ടും അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. 2010 ല്‍ വാങ്ങിയ വാഹനത്തിന്റെ പേരില്‍ സുരേഷ് ഗോപി നല്‍കിയിരിക്കുന്നത് 2014 ലെ വാടകചീട്ടിന്റെ പകര്‍പ്പാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും സുരേഷ് ഗോപി ഇവ നല്‍കിയിരുന്നില്ല. വ്യാജരേഖകള്‍ ചമച്ചതിന് പുറമേ സംസ്ഥാന സര്‍ക്കാരിന് ടാക്‌സ് ഇനത്തില്‍ കിട്ടേണ്ടിയിരുന്ന 30 ലക്ഷം രൂപ വെട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ ജ്യാമമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. സുരേഷ് ഗോപിയുടെ
ആഡംബരവാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ 12 തവണ അമിതവേഗത്തില്‍ സഞ്ചരിച്ച് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി മോട്ടോര്‍വാഹന വകുപ്പും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലാണ് എംപിയെ വിശദമായി ചോദ്യം ചെയ്തത്. രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ താമസിച്ചതിനുള്ള രേഖകള്‍ ഹാജരാക്കി.

കേസില്‍ സുരേഷ് ഗോപിയുടെ അറസ്റ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ തുടര്‍ന്ന് മൂന്ന് ആഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ പ്രഥമദൃഷ്ട്യാ സംശയം തോന്നാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് എംപിക്ക് തിരിച്ചടിയായി. ബിജെപി എംപി ആയതിനാല്‍ ബുദ്ധിമുട്ടിക്കുകയാണന്നും മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ക്രമിക്കപ്പെടുന്നതിനാലാണ്പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നുമാണ് സുരേഷ് ഗോപി കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top