മൊബൈല്‍ ഷോറൂമുകളിലെ കവര്‍ച്ച: അന്തര്‍ സംസ്ഥാന മോഷണസംഘത്തെ രാജസ്ഥാനില്‍ നിന്ന് പിടികൂടി

പ്രതീകാത്മക ചിത്രം

കൊല്ലം: സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ മൊബൈല്‍ ഷോറൂമുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷണസംഘത്തെ രാജസ്ഥാനില്‍ നിന്ന് പിടികൂടി. ആറു മാസം മുമ്പ് കൊല്ലത്തെ മൊബൈല്‍ കടകളില്‍ നടത്തിയ മോഷണത്തെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എട്ടംഗ സംഘത്തെ പിടികൂടിയത്. ഇവരെ ഉടന്‍ തെളിവെടുപ്പിനായി കൊല്ലത്തെത്തിക്കും. ഇവരെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്ത് അടുത്ത കാലത്ത് വര്‍ധിച്ചു വരുന്ന കവര്‍ച്ച പരമ്പരയെപ്പറ്റിയും വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കൊല്ലം, എറണാകുളം, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ മൊബൈല്‍ ഷോറൂമുകളില്‍ കവര്‍ച്ച നടത്തിയത്. കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനടുത്തുള്ള രണ്ട് കടകളില്‍ നിന്ന് മാത്രം 13 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണകളും രണ്ട് ലക്ഷം രൂപയും കവര്‍ന്നിരുന്നു.

കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെപ്പറ്റി അന്ന് തന്നെ സൂചന ലഭിച്ചിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ രാജസ്ഥാനില്‍ വെച്ച് മോഷണശ്രമത്തിനിടെ പിടികൂടിയവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ മോഷണ പരമ്പരകളെപ്പറ്റി ഇവരില്‍ നിന്ന് വിവരം ലഭിച്ചത്. പ്രതികളെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ നടന്ന കവര്‍ച്ചകളെപ്പറ്റി വിവരം ലഭിച്ചേക്കുമെന്ന് കൊല്ലം സിറ്റി അസി.പോലീസ് കമീഷണര്‍ ജോര്‍ജ് കോശി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടക്കുന്ന മോഷണ പരമ്പരകളിലെ കണ്ണികളായ ബീഹാര്‍ ചമ്പാരന്‍ സ്വദേശികളായ കൊള്ളസംഘത്തില്‍ പെട്ടവരാണിതെന്ന് പോലീസ് പറയുന്നു. കേരളത്തില്‍ നടക്കുന്ന കവര്‍ച്ചകളെപ്പറ്റി ഈ മോഷ്ടാക്കളെ ചോദ്യം ചെയ്യുന്നതിലൂടെ വിവരം ലഭിക്കുമെന്ന് പോലീസ് കരുതുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top