“തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്ലീല വാക്കുകളുടെ കമ്പിപ്പാരകള്‍ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബര്‍ ഗുണ്ടകള്‍”, കസബ വിഷയത്തില്‍ ശാരദക്കുട്ടി

എസ്.ശാരദക്കുട്ടി

കസബ മാത്രമല്ല സ്ത്രീ വിരുദ്ധ ഡയലോഗുള്ള സിനിമ എന്ന് എഴുത്തുകാരി ശാരദക്കുട്ടി. കസബ തമ്മില്‍ ഏറ്റവും നിലവാരം കുറഞ്ഞതായിരിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മമ്മൂട്ടി മാത്രമല്ല, ഇക്കാര്യത്തില്‍ മോഹന്‍ ലാലും ദിലീപും മോശമല്ല. മമ്മൂട്ടിക്കെതിരെയല്ല, മമ്മൂട്ടിമാര്‍ക്കെതിരെയാണ്. പാര്‍വതിക്കൊപ്പമല്ല, പാര്‍വതിമാര്‍ക്കൊപ്പമാണ്. അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ വായിക്കാം

കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമ. കസബ തമ്മിൽ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവൻ, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാൻ.. നിര നീണ്ടതാണ്. പാർവ്വതി മാത്രമല്ല സൈബർ ആക്രമണം നേരിടുന്ന സ്ത്രീ. പാർവ്വതി കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം.

തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്ളില വാക്കുകളുടെ കമ്പിപ്പാരകൾ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബർ ഗുണ്ടകൾ. സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെൺഫാൻ. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആൺബോധവാഹകർ ആയ സ്ത്രീകൾ എന്നും അതു തന്നെയാണ് ചെയ്യുന്നത്.

മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളർത്തുന്ന നടൻ. കസബയിൽ വന്നത് മമ്മൂട്ടി ആയിരിക്കാം.മോഹൻലാൽ, ദിലീപ്, ആരും മോശമല്ല. മമ്മൂട്ടിക്കെതിരെ മാത്രമല്ല, മമ്മൂട്ടിമാർക്കെതിരെ. പാർവ്വതിക്കൊപ്പം മാത്രമല്ല, പാർവ്വതിമാർക്കൊപ്പം. സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കിൽ പ്രതിരോധവും സെലക്ടീവാകരുത് കളക്ടീവാകണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top