ഇതാവണം പൊലീസ്, കണ്ടുപഠിക്കാന്‍ ഒരു ചക്കരക്കൽ മാതൃക

കണ്ണൂർ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന ആരും ഒന്നമ്പരക്കും. നാട്ടിലെ ഒരു വായനശാലയിലേക്കോ മറ്റോ കയറിച്ചെല്ലുന്ന അനുഭവം. അത്രമേൽ ഹൃദ്യമാണ് ഇവിടുത്തെ അന്തരീക്ഷം. അതു തന്നെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നും ഈ പൊലീസുകാർ പറയും. അതെ, ഈ പൊലീസ് സ്റ്റേഷൻ ഒരു മാതൃക തന്നെയാണ്.

എന്തിനായിരുന്നു മാറ്റം

സാധാരണക്കാരന് ആരുടെയും സഹായമില്ലാതെ, ഭയമില്ലാതെ കയറി വന്ന് പ്രശ്നങ്ങൾ പറയാനുള്ള ഇടമാക്കി പൊലീസ് സ്റ്റേഷനെ മാറ്റുക, അതാണ് ലക്ഷ്യമെന്ന് എസ്ഐ പി ബിജു പറയുന്നു. ഇടനിലക്കാരില്ലാതെ ഒരു സുഹൃത്തിനോടെന്ന പോലെ കാര്യങ്ങൾ പറയാൻ ഒരിടമായി സ്റ്റേഷനെ മാറ്റിയെടുത്തു. ആദ്യം ചെയ്തത് ഒരു മ്യൂസിക് സിസ്റ്റം സ്ഥാപിക്കുകയാണ്. വൃത്തിയുള്ള ചുറ്റുപാടും ചെടികളും പൂക്കളും കിളികളുമൊക്കെയാണ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയത്. സന്ദർശകർക്കായി പ്രത്യേകം ഇരിപ്പിടമൊരുക്കി. ബോധവത്കരണ പ്രവർത്തനങ്ങളുടെ വീഡിയോകൾ പ്രദർശിപ്പിക്കുന്നു. സ്റ്റേഷനകത്തും മനോഹരമായ പെയിന്റിങ്ങുകൾ.

മനസ്സ് മാറ്റും വായന

എസ്ഐയുടെ മുറിയിൽ ഒരു വായനാ മൂല ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങൾ ഇവിടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളും. ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് വായിക്കാം. കൂടാതെ ചെറിയ കേസുകളിൽപെട്ട് എത്തുന്നവർക്ക് ശിക്ഷക്ക് പകരം പുസ്തകങ്ങൾ വായിക്കാൻ നൽകുന്നു. വായനയേക്കാൾ നല്ല മരുന്നില്ലല്ലോ.

വരൂ, നമുക്കൊരുമിച്ചിരിക്കാം

ഒരു കേസിൽപെട്ട ആളോട് പൊലീസ് എങ്ങനെയാവും പെരുമാറുക. ഒരിക്കൽ കുറ്റവാളിയായാൽ സമൂഹം എന്നും അവനെ കുറ്റവാളിയായി കാണും. ഇതെല്ലാം മാറ്റണമെന്ന നിശ്ചയദാർഢ്യം. അതാണ് നമുക്കൊരുമിച്ചിരിക്കാം എന്ന കൂട്ടായ്മ ഒരുക്കാൻ പ്രേരിപ്പിച്ചത്. കുറ്റകൃത്യങ്ങളിൽപെട്ടവരെ ക്ഷണിച്ചു വരുത്തി. പാട്ടും കഥയും അനുഭവങ്ങളും പ്രമുഖരുടെ സാന്നിധ്യവുമെല്ലാമായി അവർ 250 പേർ ഒരു പകൽ ഒരുമിച്ചിരുന്നു. അവരാരും തന്നെ പിന്നീട് ഒരു കുറ്റകൃത്യത്തിൽ പോലും ഉൾപ്പെട്ടിട്ടില്ലെന്ന് എസ്ഐ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മണ്ണിൽ വിളയുന്നതും സമാധാനം

മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ ഒരു പരിധി വരെ കുറ്റകൃത്യങ്ങളിൽ നിന്നും അകന്നു നിൽക്കുന്നുവെന്ന തിരിച്ചറിവാണ് കൃഷിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കർഷകരോടൊപ്പം 77 ഏക്കർ തരിശു നിലത്താണ് കൃഷിയിറക്കിയത്. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ഇത്തരം കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷനും പറയുന്നു.

സാംസ്കാരിക, കായിക പ്രവർത്തനങ്ങളും

മദ്യ, മയക്കുമരുന്ന് മാഫിയകളും തീവ്രവാദ കേസുകളും ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട മുണ്ടേരി എന്ന ഗ്രാമത്തിന്റെ മുറിവുണക്കാൻ വോയ്സ് ഓഫ് മുണ്ടേരിയെന്ന നാട്ടുകൂട്ടായ്മയുടെ സഹകരണത്തോടെ ആറ് നാൾ നീണ്ട സാംസ്കാരികോത്സവമാണ് സംഘടിപ്പിച്ചത്. നാടകങ്ങൾ, സംഗീത പരിപാടികൾ, ഡോക്യുമെന്ററി പ്രദർശനം, ചിത്രപ്രദർശനം എന്നിവയായിരുന്നു പരിപാടികൾ. നന്മയുടെ, സഹിഷ്ണുതയുടെ, കൂട്ടായ്മയുടെ വഴി കാണിക്കൽ കൂടിയായി അത്. സിറ്റി സർക്കിൾ ജനമൈത്രി പൊലീസിങ്ങിന്റെ ഭാഗമായി മുഴപ്പാലയിൽ പുരുഷ-വനിതാ വോളിബോൾ ഫെസ്റ്റും സംഘടിപ്പിക്കുന്നു.

കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ്

2016ൽ നിരവധി അക്രമസംഭവങ്ങളാണ് ഈ സ്റ്റേഷൻ പരിധിയിൽ നടന്നത്. രാഷ്ട്രീയ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. എന്നാൽ ഇന്ന് സ്ഥിതി തികച്ചും വിഭിന്നമാണ്. വിരലിൽ എണ്ണാവുന്ന അക്രമങ്ങൾ പോലുമില്ല. അപകടങ്ങളോ കുടുംബ പ്രശ്നങ്ങളോ മാത്രമാണ് കേസായി എത്തുന്നത്. കമ്മ്യൂണിറ്റി പൊലീസിങ് വിജയിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണവും ഇതു തന്നെ.

സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കുന്നത് സംഭാവന വഴിയാണ്. അതും പണമായി സ്വീകരിക്കില്ല. പലരും മുന്നിട്ടിറങ്ങി സ്പോൺസർ ചെയ്യാൻ തയ്യാറായി. പുസ്തകങ്ങൾ വാങ്ങിയത് പോലും അങ്ങനെ തന്നെ

നിങ്ങൾക്ക് ഞങ്ങളുടെ കാതുകളിൽ പറയാം

വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമായി ഒരു കൂട്ടായ്മയാണ് അടുത്ത ലക്ഷ്യം. സ്റ്റേഷൻ പരിധിയിലെ സ്കൂളികളിലും കോളെജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങളും വേദനകളുമെല്ലാം പങ്കുവെക്കാവുന്ന കൂട്ടുകാരായി പൊലീസ് മാറും. കൗൺസലിങ് നടത്താനും സൗകര്യമൊരുക്കും. ഭാവി തലമുറയെ കുറ്റകൃത്യങ്ങളിൽപെടാതെ കാത്തുവെക്കുമെന്ന് ഉറച്ച സ്വരത്തിൽ പറയുന്നു ചക്കരക്കൽ പൊലീസ്. ഇതൊന്നും സിനിമാക്കഥയല്ല. പക്ഷേ ഒരു സിനിമാ ഡയലോഗ് പറയാതെ വയ്യ, ഇതാവണമെടാ പൊലീസ്……

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top