പടയൊരുക്കത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി; ജില്ലാ സെക്രട്ടറി കുത്തേറ്റ് ആശുപത്രിയില്‍

പ്രതീകാത്മക ചിത്രം

യുഡിഎഫിന്റെ രാഷ്ട്രീയ പ്രചരണ ജാഥായായ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിന് ശേഷം മടങ്ങിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടപെട്ടതോടെ സംഗി കൂടുതല്‍ ഗുരുതരമായി. കത്തിക്കുത്തില്‍ അവസാനിച്ച സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നജീം, ആദേശ് എന്നീ കെഎസ്‌യു പ്രവര്‍ത്തകരാണ് ചികിത്സയിലുള്ളത്. കെഎസ്‌യു ജില്ലാ സെക്രട്ടറിയാണ് ആദേശ്. കെഎസ് യു സംസ്ഥാന ഭാരവാഹി നബീലാണ് ആദേശിനെ കുത്തിയത് എന്ന് പരാതിയുണ്ട്. നജീമിന്റെ തലയ്ക്കാണ് പരുക്ക്. ഇദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

എംഎല്‍എ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഘര്‍ഷം. കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ട അടിയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പടയൊരുക്കത്തിന്റ സമാപന ദിവസം ഒരേ പാര്‍ട്ടിയിലെ യുവജന സംഘടനകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് യുഡിഎഫിനെ നാണക്കേടിലാഴ്ത്തുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top