”ജിഷ വധക്കേസില്‍ പുറത്തുവന്നത് ജനങ്ങള്‍ ആഗ്രഹിച്ച വിധി”; കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച വിധിയാണ് കോടതി പ്രസ്താവിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കണമെന്നും കോടിയേരി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി, ഭയലേശമില്ലാതെ എവിടെയും ജീവിക്കാനുള്ള അവകാശമുണ്ട്. നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴാണ് അതിദാരുണമായ രീതിയില്‍ പീഡിപ്പിച്ച് കൊന്നത്. ഒരു ചരമക്കോളത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ആ സംഭവം കേരളത്തിന്റെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി മാറ്റിയത് ഇടതുപക്ഷമാണ്, കോടിയേരി പറയുന്നു.

അന്ന് ഭരണത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിനെയും കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. കേസിനെ ഗൗരവപരമായി പരിഗണിക്കാന്‍ പോലും യുഡിഎഫ് തയ്യാറായില്ല. ജിഷ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും യുഡിഎഫ് സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ തന്നെ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കേസന്വേഷണത്തിന് നിയോഗിച്ചു. ഈ അന്വേഷണ സംഘം പഴുതടച്ചുള്ള അന്വേഷണം നടത്തിയതിലൂടെയാണ് കുറ്റവാളിയെ കണ്ടെത്താനും ഈ ശിക്ഷ ലഭ്യമാക്കാനും സാധിച്ചത്, കോടിയേരി വ്യക്തമാക്കി.

അന്വേഷണ സംഘത്തെ അഭിനന്ദിച്ച കോടിയേരി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പബ്ലിക് പ്രോസിക്യൂട്ടറുടെ മികവും എടുത്തുപറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ മികവ് കൂടിയാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top