‘കോടതിയ്ക്ക് നട്ടെല്ലില്ല’ ആളൂരിന്റെ പരാമര്‍ശം വിവാദമാകുന്നു; കോടതിയലക്ഷ്യത്തിന് നടപടി വേണമെന്ന് പ്രോസിക്യൂഷന്‍

അഭിഭാഷകന്‍ ബിഎ ആളൂര്‍

കൊച്ചി: ജിഷ വധക്കേസില്‍ തന്റെ കക്ഷിയായ പ്രതി അമിറുള്‍ ഇസ്‌ലാമിന് വധശിക്ഷ വിധിച്ച കോടതി നടപടിയോട് പ്രതികരിച്ച് വിചാരണ കോടതികള്‍ക്ക് നട്ടെല്ലില്ല എന്ന പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂരിന്റെ പരാമര്‍ശം വിവാദമാകുന്നു. കോടതികളെ അവഹേളിച്ച ആളൂരിനെതിരേ കോടതിയലക്ഷ്യത്തിന് നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ജിഷ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കോടതികളിലെ ജഡ്ജിമാര്‍ക്ക് നട്ടെല്ലില്ലെന്നും സര്‍ക്കാരിനെയും ജനങ്ങളെയും പേടിച്ചാണ് ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുന്നതെന്നുമായിരുന്നു ആളൂരിന്റെ പ്രസ്താവന. ജിഷവധക്കേസില്‍ അമിറുള്‍ ഇസ്‌ലാമിന് വധശിക്ഷ വിധിക്കപ്പെട്ടശേഷം പുറത്തിറങ്ങിയ ആളൂര്‍, മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

താന്‍ പറുന്നത് വിചാരണക്കോടതികളുടെ അവസ്ഥയെക്കുറിച്ചാണെന്നും പരമോന്നത കോടതിയുള്‍പ്പെടെയുള്ള മേല്‍ക്കോടതികള്‍ ഇക്കാര്യം പരിഗണിച്ച് തെറ്റുകള്‍ തിരുത്തുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും ആളൂര്‍ പറഞ്ഞിരുന്നു. സൗമ്യ കേസില്‍ പ്രോസിക്യൂഷന്റെ മൗത്ത് പീസായി വിചാരണക്കോടതി മാറിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. എല്ലാവരെയും സമന്‍മാരായി കാണേണ്ട കോടതികള്‍ പക്ഷപാതത്തോടെ പെരുമാറാന്‍ പാടില്ല. ട്രയല്‍കോടതി വധശിക്ഷ വിധിച്ച സൗമ്യകേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദ് ചെയ്ത കാര്യം ആളൂര്‍ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് ആളൂരായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top