ജിഷകേസ്: പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ തൃപ്തനെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍

കൊച്ചി: കേരള സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ തൃപ്തനാണെന്ന് ജിഷ വധക്കേസിലെ  പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍. പ്രതിക്കെതിരേ വളരെ ശക്തമായ തെളിവുകള്‍ കേസിലുണ്ടായിരുന്നു. അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ സാന്നിധ്യം വീട്ടിലുണ്ടായിരുന്നതിനുള്ള ഏഴോളം തെളിവുകളാണ് ലഭിച്ചത്. കേസില്‍ 195 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് ചാര്‍ജ് ഫയല്‍ ചെയ്തത്. ഇതില്‍ 100 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികളില്‍ ഒരാളെ പോലും അവിശ്വസിക്കേണ്ടി വന്നിട്ടില്ല. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. പ്രതി ജിഷയുടെ വീട്ടില്‍ നിന്നിറങ്ങി പോകുന്നത് കണ്ട അയല്‍വാസി അമീറുള്‍ ഇസ്‌ലാമിനെ പിന്നീട് തിരിച്ചറിഞ്ഞിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയുടെ ചുരിദാറിന്റെ ടോപ്പില്‍ നിന്നും നഖത്തില്‍ നിന്നും പ്രതിയുടെ ഡിഎന്‍എ കണ്ടെത്തി. പെണ്‍കുട്ടിയില്‍ നിന്നും പ്രതിക്ക് കടിയേറ്റു. കുറ്റകൃത്യത്തിന് ശേഷം അമീറുല്‍ ഇസ്‌ലാം സുഹൃത്തുക്കളോട് സംസാരിച്ചതില്‍ നിന്നടക്കം തെളിവുകള്‍ ശേഖരിക്കാനായി. പ്രതിക്ക് ഹിന്ദിയും മലയാളവും സംസാരിക്കാനറിയാമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top