മൊഹാലിയില്‍ രോഹിത് ശര്‍മ്മയ്ക്ക് ഇരട്ടസെഞ്ച്വുറി; ‘ട്രിപ്പിള്‍’ ഡബിളടിക്കുന്ന ആദ്യതാരമായി ഇന്ത്യന്‍ ഓപ്പണര്‍

ഡബിള്‍ സെഞ്ച്വുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മയുടെ ആഹ്ലാദം

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വുറി. തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വുറിയാണ് രോഹിത് ശര്‍മ മൊഹാലിയില്‍ നേടിയത്. ഇതോടെ ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വുറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ഓപ്പണറെ തേടിയെത്തിയത്.

നേരത്തെ കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 264 റണ്‍സാണ് രോഹിതിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിന മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്ന രോഹിതിന്റെ ആദ്യ ഇരട്ട സെഞ്ച്വുറി പിറന്നത്.

ഏകദിന പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന രോഹിത് ശര്‍മ മുന്നില്‍ നിന്ന് തന്നെ പോരാടിയപ്പോള്‍ മൊഹാലി സ്‌റ്റേഡിയത്തില്‍ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്കന്‍ ടീമിന് മുന്നില്‍ വച്ചത്. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 153 പന്തില്‍ നിന്ന് 208 റണ്‍സ് നേടി രോഹിത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് ആരംഭിച്ച ശിഖരന്‍ ധവാന്‍ 68 റണ്‍സാണ് നേടിയത്. തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ പുതുമുഖതാരം ശ്രേയസ് അയ്യര്‍ 70 പന്തില്‍ നിന്ന് 88 റണ്‍സ് നേടി ടീമിലേക്കുള്ള തന്റ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ചു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി എഴ് റണ്‍സും ഹാര്‍ദിക്ക് പാണ്ഡ്യ എട്ട് റണ്‍സും നേടി.

ലങ്കയ്‌ക്കെതിരേയുള്ള ആദ്യഏകദിനത്തില്‍ ധര്‍മശാലയില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് മൊഹാലിയില്‍ കണ്ടത്. രണ്ടാം മത്സരത്തിലും തകര്‍ന്നാല്‍ കളിയില്‍ പരാജയപ്പെട്ട് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നഷ്ടമാകുമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ടീം ഉണര്‍ന്നുകളിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top