ഒടിയന്റെ കൂടുതല്‍ വിശേഷങ്ങള്‍ റിപ്പോര്‍ട്ടറിന്; റിലീസ് തിയതി പ്രഖ്യാപിച്ചു

മലയാള സിനിമയിലെ വിസ്മയമാകാനൊരുങ്ങുകയാണ് ഒടിയന്‍ എന്നതില്‍ സംശയമില്ല. ഇന്ന് പുറത്തുവന്ന മോഹന്‍ലാലിന്റെ പുതുരൂപം ഒരു സൂചകം മാത്രമാണ്, ഒരു വലിയ വിസ്മയത്തിന്റെ സൂചകം. വിദേശത്തുനിന്നുള്ള ഫിറ്റ്‌നസ് ട്രെയിനര്‍മാരുടെ സേവനമടക്കം പ്രയോജനപ്പെടുത്തിയാണ് പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍ ശരീരം പാകപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സെക്കന്റുകള്‍ മാത്രമുള്ള പുതിയ ടീസര്‍ തരംഗം ആഞ്ഞടിക്കുകയാണ്. നിലവിലുള്ള എല്ലാ ടീസര്‍ റെക്കോര്‍ഡുകളും ഒടിയന്‍ കടപുഴക്കുമെന്നതില്‍ സംശയമില്ല. ചിത്രത്തന്റെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി.

അടുത്തമാസം, അതായത് ജനുവരി 5നാണ് അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. മോഹന്‍ലാല്‍, പ്രകാശ് രാജ്. മഞ്ജു വാര്യര്‍ എന്നിവരുടെ ചെറുപ്പകാലമാണ് ചിത്രീകരിക്കാനുള്ളത്. പാലക്കാട് വച്ചുതന്നെയായിരിക്കും മൂന്നാം ഷെഡ്യൂളിലും ഷൂട്ടിംഗ് തുടരുക.

കഠിനമായ ചിട്ടവട്ടങ്ങളിലൂടെയും പരിശ്രമ മുറകളിലൂടെയും കടന്നുപോയ മോഹന്‍ലാലിന് 20 ദിവസത്തെ സമ്പൂര്‍ണ വിശ്രമമാണ് നല്‍കിയിരിക്കുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിന്റെ ഇതേ രൂപമായിരിക്കില്ല മഹാഭാരതത്തിനായി ഉപയോഗപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഇനി ഒന്നിക്കുന്ന മഹാഭാരതം എന്ന ചിത്രത്തിനായി മോഹന്‍ലാല്‍ തടിവയ്ക്കും. എന്നാല്‍ ശരീര പേശികളെ കൂടുതല്‍ ദൃഢമാക്കിയാകും ലാല്‍ എത്തുന്നത്. ഒടിയന്റെ റിലീസ് തിയതിയായി തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് 30 ആണെന്നും ശ്രീകുമാര്‍ മേനോന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top