പത്തുവര്‍ഷം കൊണ്ട് 2000 സ്‌ക്രീനുകളുള്ള 300 തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി സൗദി; രാജ്യം മത യാഥാസ്ഥിതിക മുഖം പതിയെ കൈവിടുന്നുവെന്ന് സൂചന

പ്രതീകാത്മക ചിത്രം

അടുത്ത മാര്‍ച്ചോടെ സൗദിയില്‍ പൊതു സിനിമാശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സിനിമാ പ്രദര്‍ശന തിയേറ്ററുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുവാന്‍ തീരുമാനമെടുത്ത കാര്യം സൗദി സാംസ്‌ക്കാരിക വിവര സാങ്കേതിക മന്ത്രാലയമാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. 35 വര്‍ഷത്തിനു ശേഷമാണ് സൗദിയില്‍ വീണ്ടും സിനിമ പ്രദര്‍ശനം ആരംഭിക്കുവാന്‍ പോകുന്നത്. ദേശീയ വരുമാനത്തില്‍ 90 ബില്ല്യണ്‍ സൗദി റിയാലിന്റെ നേട്ടവും മുപ്പതിനായിരം പേര്‍ക്ക് സ്ഥിര ജോലിയും ലഭിക്കുവാന്‍ ഉപകരിക്കുന്നതാണ് തീരുമാനം. പത്തുവര്‍ഷം കൊണ്ട് 2000 സ്‌ക്രീനുകളുള്ള 300 തിയേറ്ററുകള്‍ തുറക്കാനാണ് അനുമതി.

സൗദിയില്‍ പൊതു സിനിമാശാലകള്‍ക്ക് ലൈസിന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ തീരുമാനമായി. അതോടെ 2018 മാര്‍ച്ച് മാസത്തില്‍ സൗദിയില്‍ സിനിമാ പ്രദര്‍ശന ശാലകളുടെ പ്രവര്‍ത്തനം തുടക്കമാകും.
35 വര്‍ഷത്തിനു ശേഷമാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ ആണ് ലൈസന്‍സ് അനുവദിക്കുക. മന്ത്രാലയത്തിന്റെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കൊമേഴ്‌സ്യല്‍ സിനിമ തിയേറ്റര്‍ അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രി അവാദ് അല്‍ അവാദ് തീരുമാനമെടുത്തത്.

നേരത്തെ തന്നെ സൗദിയില്‍ സിനിമാശാലകള്‍ക്ക് അംഗികാരം നല്‍കുമെന്ന വാര്‍ത്ത ഉണ്ടായിരുന്നു. ഏതാനും സിനിമാ ശാലകള്‍ ചില മാളുകള്‍ കേന്ദ്രീകരിച്ച് പണികഴിപ്പിക്കുകയും ചെയ്തിരുന്നു. സൗദിയുടെ സാംസ്‌ക്കാരിക, സമ്പദ് രംഗത്ത് വലിയ മാറ്റമുണ്ടാക്കുന്നതായിരിക്കും സിനിമാ ശാലകളുടെ പ്രവര്‍ത്തനം. സിനിമാ വ്യവസായം സൗദിയുടെ ദേശീയ വരുമാനത്തില്‍ 90 ബില്ല്യണ്‍ സൗദി റിയാലിന്റെ നേടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം മുപ്പതിനായിരം പേര്‍ക്ക് സ്ഥിര ജോലിയും ഒരുലക്ഷത്തി മുപ്പതിനായിരം പേര്‍ക്ക് 2030 ഓടെ താല്‍ക്കാലിക ജോലിയും ലഭിക്കുവാന്‍ ഉപകരിക്കും. സൗദി അറേബ്യ വെച്ചുപുലര്‍ത്തുന്ന ധാര്‍മികതക്കും സംസ്‌ക്കാരത്തിനും എതിരല്ലാത്തതും ശരീഅത്ത് വിരുദ്ധവുമല്ലാത്ത സിനിമകള്‍ക്ക് മാത്രമെ പ്രദര്‍ശനാനുമതി ഉണ്ടാവുകയുള്ളു.

നേരത്തെ സൗദിയില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ അനുമതി ലഭിച്ചിരുന്നു. ബികിനി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് സ്ത്രീകള്‍ക്കും ഉല്ലസിക്കാനാകുന്ന ഹോട്ടലുകള്‍ പണിതുയര്‍ത്താന്‍ സൗദി തീരുമാനിച്ചിരുന്നു. പിന്നിട് പുരോഗമനപരമായ പല തീരുമാനങ്ങളും സൗദി കിരീടാവകാശിയുടെ ഭാഗത്തുനിന്നുണ്ടായി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുന്നതിനെ ഇതിനോട് ചേര്‍ത്ത് വായിക്കാം. മത യാഥാസ്ഥിതിക മുഖം സൗദി പതിയെ ഒഴിവാക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങളില്‍നിന്നുളള വരുമാനം ശാശ്വതമല്ലെന്ന് ഉള്‍ക്കൊള്ളുന്ന രാജ്യം ഏത് വിധേനയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളിലാണ് ശ്രദ്ധയൂന്നുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top