മോദിയുടെ വിമര്‍ശകനായ ബിജെപി എംപി രാജിവച്ചു

 നാന പട്ടോളെ, നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായ ബിജെപി എംപി രാജിവച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാര – ഗോണ്ടിയയില്‍ നിന്നുള്ള എംപിയായ നാന പട്ടോളെയാണ്‌ രാജിവച്ചത്. എംപി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് പട്ടോളെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കൈമാറി. ബിജെപിയില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് അയച്ച കത്തില്‍ തന്റെ രാജിയുമായി ബന്ധപ്പെട്ട 14 കാര്യങ്ങള്‍ പപട്ടോളെ സൂചിപ്പിച്ചിരുന്നു. കര്‍ഷകരുമായും സാമ്പത്തിക സാമ്പത്തിക പദ്ധതികളുമായും ബന്ധപ്പെട്ട് താന്‍ നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ചിരുന്നുവെങ്കിലും ഇതിനൊന്നും പരിഹാരം കാണാനായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ എംപിയായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പട്ടോളെയുടെ രാജി.

കോണ്‍ഗ്രസ് നേതാവായിരുന്ന പട്ടോളെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായാണ് ബിജെപിയിലെത്തിയത്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് ഭണ്ഡാര – ഗോണ്ടിയയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. ഏറെ വൈകാതെ മോദിയുടെ വിമര്‍ശകനായ അദ്ദേഹം പലതവണ മോദിയുടെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പട്ടോളെ രംഗത്തുവന്നിരുന്നു. എംപിമാരുടെ യോഗം ചേരുമ്പോള്‍ ആരും തന്നോട് ചോദ്യം ചോദിക്കുന്നത് മോദി ഇഷ്ടപ്പെടുന്നില്ലെന്നും ചോദ്യം ചോദിക്കുന്നവരെ വിമര്‍ശിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നുമായിരുന്നു പട്ടോളെയുടെ ആരോപണം.

പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ ആരെയും സംസാരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. ഒരിക്കല്‍ എംപിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയുമായും ഒബിസി മന്ത്രാലയവുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി തന്നോട് ദേഷ്യപ്പെട്ടുവെന്നും പട്ടോളെ  വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് ചോദിച്ച് എംപിമാരോട് അദ്ദേഹം ദേഷ്യപ്പെടുകയാണ് ചെയ്യുന്നതെന്നായിരുന്നു പട്ടോളെയുടെ വിമര്‍ശനം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കടുത്ത വിമര്‍ശകനായിരുന്നു പട്ടോളെ. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ എംപിമാര്‍ വഴി അവതരിപ്പിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ഫഡ്‌നാവിസ് തയാറാകുന്നില്ലെന്നായിരുന്നു നേരത്തെ ഫഡ്‌നാവിസിനെതിരെ പട്ടോളെയുടെ വിമര്‍ശനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top