ഓഖി ദുരന്തം: പൂന്തുറ, വിഴിഞ്ഞം മേഖലകളില്‍ യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തി

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരത്തെ തീരദേശ മേഖലകളായ പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് തൃപ്തമല്ലന്നും നാളെ നടക്കുന്ന സര്‍ക്കാര്‍തല ചര്‍ച്ചയില്‍ തീരദേശ ജനതയുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേരെ കാണാതായ പ്രദേശങ്ങളാണ് പൂന്തുറയും വിഴിഞ്ഞവും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. പൂന്തുറയിലെത്തിയ സംഘം പള്ളി വികാരിയുമായി ചര്‍ച്ച നടത്തിയ ശേഷം കടലില്‍ കാണാതായവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.

തുടര്‍ന്ന് യുഡിഎഫ് സംഘം വിഴിഞ്ഞം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം ഉണ്ടായ പ്രദേശമാണ് വിഴിഞ്ഞം. ഉറ്റവരെ കടലില്‍ കാണാതായവരുമായി സംഘം ആശയവിനിമയം നടത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് തൃപ്തികരമല്ലെന്നും നാളെ നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളോട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ അപര്യാപ്തതകള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും വിഴിഞ്ഞം ഇടവക വികാരി വില്‍സണ്‍ പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top