അധ്യാപകനിയമന ക്രമക്കേട്: വൈസ് ചാന്‍സലര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: അധ്യാപകനിയമന ക്രമക്കേടില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍. ആരോപണവിധേയായ അധ്യാപകയ്ക്ക് വഴിവിട്ട് നിരവധി പദവികള്‍ നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഈ വര്‍ഷം ഫെബ്രുവരി പത്തിനാണ് വിവാദ നിയമന തീരുമാനം സംബന്ധിച്ച് സര്‍വകലാശാലയില്‍ നിന്ന് ഉത്തരവ് വന്നത്. തൊട്ടടുത്ത ദിവസം തന്നെ നിയമനം ലഭിച്ച അധ്യാപിക ജോലിയിലും പ്രവേശിച്ചു. തുടര്‍ന്ന് മൂന്നു മാസത്തിനകം തന്നെ ഇവരെ അക്കാദമിക രംഗത്തെ ഉന്നത ബോഡിയായ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിലും അംഗമാക്കി. യുജിസിയുടെ മാനദണ്ഡം അനുസരിച്ച് സീനിയറായ എട്ട് അധ്യാപകരെയാണ് വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഏറ്റവും ജൂനിയറായ ഇവരെ ഉള്‍പ്പെടുത്തുകയായിരുന്നു.

മറ്റൊരു പ്രധാന അക്കാദമിക് കമ്മറ്റിയായ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക് സര്‍വീസിലും പ്രവേശിച്ച് മൂന്നു മാസം തികയുന്നതിന് മുന്‍പ് ഇതേ അധ്യാപികയെ ഈ സമിതിയിലെ ആറംഗ അധ്യാപക പ്രതിനിധികളില്‍ ഒരാളായി ഉള്‍പ്പെടുത്തി. അനധികൃതനിയമനം ഇവിടംകൊണ്ടും തീര്‍ന്നില്ല. പരീക്ഷ പരിഷ്‌ക്കരണ കമ്മിറ്റിയിലെ നാലംഗങ്ങളില്‍ ഒരാളായും ഇവരെ നിയമിച്ചുകൊണ്ടും ഉത്തരവായി. ഇന്നലെ ചേര്‍ന്ന സിന്റിക്കേറ്റ് യോഗത്തില്‍ ഇവരുടെ അനധികൃത നിയമനം സംബന്ധിച്ച് ചര്‍ച്ചയായി.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിയെ തടഞ്ഞുവെക്കുകയും തുടര്‍ന്നാണ് നിയമനം അന്വേഷിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തത്. എന്നാല്‍ നിയമന ക്രമക്കേട് സംബന്ധിച്ച് അന്വേഷണസമിതി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ വിസി ഇനിയും തയ്യാറായിട്ടില്ല. പകരം സിന്‍ഡിക്കേറ്റ് കഴിഞ്ഞത് മുതല്‍ അദ്ദേഹം ലീവില്‍ പ്രവേശിക്കുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top