ഐസിസി ടെസ്റ്റ് റാങ്കിംഗ്: കോഹ്‌ലി രണ്ടാം സ്ഥാനത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നേറ്റം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തി. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു കോഹ്‌ലി. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്താണ് പട്ടികയില്‍ ഒന്നാമത്.

ഡിസംബര്‍ ആറിന് സമാപിച്ച ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് കോഹ്‌ലിക്ക് റാങ്കിംഗില്‍ മുന്നേറാന്‍ സഹായകമായത്. രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 610 റണ്‍സാണ് മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കോഹ്‌ലി സ്‌കോര്‍ ചെയ്തത്.

റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സ്മിത്തിനേക്കാള്‍ (938) 45 പോയിന്റ് മാത്രം പിന്നിലാണ് കോഹ്‌ലി (893). നിലവില്‍ ഏകദിന-ട്വന്റി20 റാങ്കിംഗില്‍ കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്തി. ടെസ്റ്റ് റാങ്കിംഗില്‍ കൂടി ഒന്നാമതെത്തിയാല്‍ ഒരേസമയം മൂന്ന് ഫോര്‍മാറ്റുകളിലും ഒന്നാം റാങ്ക് അലങ്കരിക്കുന്ന മൂന്നാമത്തെ താരമെന്ന ബഹുമതി കോഹ്‌ലിക്ക് സ്വന്തമാകും. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്, മാത്യു ഹെയ്ഡന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.

മറ്റൊരു ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര (873) നാലാം സ്ഥാനത്തുണ്ട്. 879 പോയിന്റുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് റാങ്കിംഗ് പട്ടികയില്‍ മൂന്നാമത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top