ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ മെഗാ ക്യാമ്പ് കോഴിക്കോട് വെളളിമാടുകുന്ന് ജെഡിടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇവ കണ്ടെത്തി പ്രതിരോധിക്കേണ്ടതുണ്ട്. സുസ്ഥിരമായ പുനരധിവാസം ഉറപ്പു വരുത്തണം. ഇതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് 5 ശതമാനം സംവരണവും ജോലിക്ക് 4 ശതമാനം സംവരണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേതുമായി 250 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്‌കൂള്‍ പഠനം, പോഷകാഹാരം, പുനരധിവാസം എന്നിവ വിവിധ പദ്ധതികള്‍ പ്രകാരം ഉറപ്പുവരുത്തും.

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍, പാര്‍പ്പിടം, തൊഴില്‍ എന്നീ മേഖലകളില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ഇനിയുമുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ വിതരണത്തിലും കാലതാമസം ഒഴിവാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവണം.

സര്‍ക്കാര്‍ ഓഫീസുകളില്‍ അംഗ പരിമിതര്‍ക്ക് റാമ്പ്, ലിഫ്റ്റ്, വീല്‍ ചെയര്‍, പ്രത്യേക ടോയ്‌ലറ്റ് എന്നിവ സജ്ജമാക്കും. വാഹന പാര്‍ക്കിംഗിന് പ്രത്യേക സൗകര്യമൊരുക്കും. 10 ലക്ഷം ഭിന്നശേഷിക്കാര്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ 43 ശതമാനം പേര്‍ ചലനശേഷി കുറഞ്ഞവരാണ്. ഇവര്‍ക്ക് വേണ്ട പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top