ഓഖി ചുഴലി: ചേറ്റുവയില്‍ നിന്ന് ഒരു മൃതദേഹം കിട്ടി; മരണം 37 ആയി

കടലില്‍ തകര്‍ന്ന നിലയില്‍ കണ്ട വള്ളം

തൃശൂര്‍: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ചേറ്റുവ തുറമുഖത്ത് നിന്ന് കടലില്‍ തെരച്ചിലിന് പോയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഓഖി ചുഴലിക്കാറ്റില്‍പെട്ട് മരിച്ച മത്സ്യതൊഴിലാളിയാണെന്നാണ് കരുതുന്നത്. ഇതോടെ ഓഖി ചുഴലി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 37 ആയി. ഇന്ന് രാവിലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തീരസംരക്ഷണ സേന രണ്ട് മൃതദേഹങ്ങളും കായംകുളം ഓച്ചിറ അഴീക്കലില്‍ നിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഒരു മൃതദേഹവുമാണ് രാവിലെ കണ്ടെത്തിയത്.

ചേറ്റുവ തുറമുഖത്ത് നിന്നും കടലില്‍ തെരച്ചിലിന് പോയ സംഘം മൂന്ന് ചെറു വള്ളങ്ങളും കണ്ടെത്തി. അഴീക്കോട് മുനക്കക്കടവ് കോസ്റ്റല്‍ പോലീസും ഫിഷറീസ് കടലോര ജാഗ്രതാ സമിതിയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്ലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ഫൈബര്‍ ബോട്ടുപേക്ഷിച്ച് മൃതദ്ദേഹവും രണ്ട് ബോട്ടുകളും ചേറ്റുവ തീരത്തേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചില്‍ തുടരുകയാണ്. നാവിക സേനയുടെ 10 കപ്പലുകളാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കടലില്‍ ഉള്ളത്.

ഇതില്‍ രണ്ട് കപ്പലുകള്‍ മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. മൂന്നു ദിവസം തുടര്‍ച്ചയായി രാവും പകലും ഈ കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നുണ്ട്. നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും തെരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു വിമാനം നീരീക്ഷണപ്പറക്കലും നടത്തുന്നുണ്ട്.

അതേസമയം, മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയുള്ള കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഇരുപത്തിനാല് മണിക്കൂര്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ, ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 42 പേര്‍ നാട്ടിലേക്ക് തിരിച്ചു. ഇവര്‍ ഇന്ന് തന്നെ കേരള തീരത്ത് എത്തുമെന്നാണ് വിവരം. മത്സ്യബന്ധനത്തിനായി പോയി സ്വന്തം ബോട്ടില്‍ തന്നെയാണ് ഇവര്‍ മടങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top