‘സൊല്‍വതെല്ലാം ഉണ്‍മൈ’ പരിപാടിയുടെ സെറ്റില്‍ നിന്ന് അവതാരക ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ വൈറലാകുന്നു

ലക്ഷ്മി രാമകൃഷ്ണന്‍

സീ തമിഴ് ചാനലിന്റെ ‘സൊല്‍വതെല്ലാം ഉണ്‍മൈ’ പരിപാടിയുടെ സെറ്റില്‍ നിന്ന് അവതാരക ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ വൈറലാകുന്നു. പരിപാടിക്കായി തയ്യാറെടുക്കുന്നതിനിടയില്‍ തനിക്കെതിരെ പരാതിയുണ്ടെന്ന് ക്രൂ മെമ്പേര്‍സിലൊരാള്‍ പറഞ്ഞയുടനെയാണ് നടിയും സംവിധായികയമായ ലക്ഷ്മി റിയാലിറ്റി ഷോയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്.

പരിപാടിക്കായി തയ്യാറായിരിക്കുന്ന ലക്ഷ്മി പങ്കെടുക്കുന്നവരോട് കടന്നു വരാന്‍ പറയുന്നതാണ് തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരിലൊരാള്‍ അടുത്ത് വന്ന് മാഡം ഇന്ന് പരിപാടി അവതരിപ്പിക്കണ്ട, നിങ്ങള്‍ക്കെതിരെ ഒരു പരാതിയുണ്ട് എന്ന് പറയുന്നതാണ് പിന്നീട് കാണുന്നത്. ഇത് കേട്ടതോടെ ലക്ഷ്മി പ്രതികരിക്കാന്‍ നില്‍ക്കാതെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഇറങ്ങിപ്പോവുകയായിരുന്നു.

പരിപാടിയുടെ അണിയറ പ്രവര്‍ത്തകരും മറ്റും പിന്നാലെ വന്ന് വിളിച്ചെങ്കിലും ലക്ഷ്മി നില്‍ക്കാന്‍ തയ്യാറായില്ല. പോകുന്ന വഴിക്ക് വാതില്‍ തുറക്ക് എന്ന് വിളിച്ചു പറയുന്നതും മൈക്ക് ഊരി മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സീ തമിഴ് ചാനല്‍ തന്നെയാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഇതിനകം ഫെയ്‌സ്ബുക്കില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

അതേസമയം ഇത് മനപ്പൂര്‍വ്വം തയ്യാറാക്കിയ വീഡിയോ ആണെന്നും പരിപാടിക്ക് കൂടുതല്‍ പബഌസിറ്റി കിട്ടാന്‍ വേണ്ടി തയ്യാറാക്കിയതാണെന്നും ആരോപണങ്ങളുണ്ട്. ലക്ഷ്മിയെപ്പലൊരാള്‍ ഇങ്ങനെയൊരു വേഷം കെട്ടലിന് തയ്യാറായത് മോശമായിപ്പോയെന്നും ചിലര്‍ വിമര്‍ശിച്ചു. ചാനല്‍ തന്നെ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തു വിട്ടതിനാല്‍ ഇത് പബഌസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആളുകള്‍ പ്രതികരിച്ചു.

എന്നാല്‍ താന്‍ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ലെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നും തന്റെ പെരുമാറ്റം കണ്ട് ആരൊക്കെ തന്നെ വിമര്‍ശിക്കുമെന്ന് അറിയില്ലെന്നും ലക്ഷ്മി രാമകൃഷ്ണന്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

കുടുംബജീവിതത്തില്‍ ദമ്പതികള്‍ തമ്മിലുള്ള താളപ്പിഴകള്‍ പരിഹരിക്കുന്ന റിയാലിറ്റി ഷോയാണ് ലക്ഷ്മി രാമകൃഷ്ണന്‍ അവതാരകയായി എത്തുന്ന ‘സൊല്‍വതെല്ലാം ഉണ്‍മൈ’. മലയാളത്തില്‍ കഥയല്ലിത് ജീവിതം എന്ന പരിപാടിയുമായി സാമ്യമുള്ള ഷോ സീ തമിഴ് ചാനലാണ് സംപ്രേഷണം ചെയ്യുന്നത്.

നടിയും സംവിധായികയുമായി ലക്ഷ്മി രാമകൃഷ്ണന്‍ മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top