ഓഖി ദുരന്തം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം

പ്രതിഷേധക്കാര്‍ റെയില്‍വെ സ്റ്റേഷന്‍ ഉപരോധിക്കുന്നു

ചെന്നൈ: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമല്ല എന്നാരോപിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തീരദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് കരമന-കളിയിക്കാവിള ദേശീയപാതയില്‍ മണിക്കൂറുകളോളം റോഡ് ഗതാഗതം തടസപ്പെട്ടു.

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കന്യാകുമാരി ജില്ലയിലെ തീരദേശങ്ങളില്‍ നിന്നാണ് പ്രതിഷേധസ്വരം ഉയര്‍ന്നിരിക്കുന്നത്. കടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമല്ല എന്ന് ആരോപിച്ചാണ് തീരദേശ വാസികളുടെ പ്രതിഷേധം. കടലില്‍ അകപ്പെട്ട മാര്‍ത്താണ്ഡം തുറ, നീറേഡി തുറ, ഇരമം തുറ തുടങ്ങിയ എട്ട് തുറകളില്‍ നിന്നുള്ള മത്സ്യതൊഴിലാളികളെ കണ്ടെത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തീരദേശവാസികളായ ആയിരക്കണക്കിന് പേര്‍ ദേശീയപാത ഉപരോധിച്ചത്.

നീറേഡി തുറ മുതല്‍ കളിയിക്കാവിള വഴി കുഴിത്തുറയില്‍ സമാപിച്ചു. പ്രതിഷേധക്കാര്‍ കുഴിത്തുറ റെയില്‍വേ സ്റ്റേഷനും പിക്കറ്റ് ചെയ്തു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അതേസമയം, കന്യാകുമാരിയിലെ മത്സ്യതൊഴിലാളികള്‍ ദക്ഷിണവ്യോമസേനാ മേധാവിക്ക് നല്‍കിയ അഭ്യര്‍ത്ഥന പ്രകാരം തിരുവനന്തപുരത്ത് നിന്നും മൂന്ന് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും തെരച്ചിലിനായി കേരളത്തിന് പടിഞ്ഞാറായി ഇന്നലെ തിരിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top