ജറുസലേം വിഷയം; നിലപാട് സ്വതന്ത്രമെന്ന് അമേരിക്കയോട് ഇന്ത്യ

ദില്ലി: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. വിഷയത്തില്‍ അമേരിക്കയുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇന്ത്യക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായ നിലപാടാണുള്ളതെന്നും ഇന്ത്യന്‍ വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രമാണ്. അത് തങ്ങളുടെ കാഴ്ചപ്പാടിനും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് രൂപപ്പെട്ടുവന്നതാണ്. മുന്നാമത് ഒരു രാജ്യത്തിന് അക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നുമാണ് രവീഷ് കുമാര്‍  വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ പാലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സ്വതന്ത്ര പലസ്തീനിനായുള്ള പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി മെഹമൂദ് അബ്ബാസിനെ അറിയിച്ചിരുന്നു.

അതേസമയം അമേരിക്കന്‍ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്നാവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തത്തിയിരുന്നു.  ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം നടത്തുന്നത്. ടെല്‍ അവീവിലുള്ള യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിസ്ഥാപിക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു.

ട്രംപിന്റെ തീരുമാനം മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അറബ് ലോകത്തിന്റെയും മറ്റും പ്രതിഷേധം കണക്കിലെടുക്കാതെയാണ് ട്രംപ് തീരുമാനം കൈകൊണ്ടത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ തര്‍ക്കത്തിന് ആക്കം കൂട്ടുന്നതുകൂടിയാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top