കണ്ണൂര്‍ സര്‍വകലാശാലയിലെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരുകിൽ

കെഎസ്‌യു പ്രതിഷേധിക്കുന്നു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസ് കളഞ്ഞു കിട്ടിയതായി പരാതി. ബിഎ ഇംഗ്ലീഷ് അവസാന വർഷ പരീക്ഷയുടെ ഉത്തരക്കടലാസാണ് ലഭിച്ചത്. ഫിലിം സ്റ്റഡീസ് പരീക്ഷയുടെ മൂല്യനിർണയം നടത്താത്ത കടലാസുകൾ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദിന് വഴിയരികിൽ നിന്നും കളഞ്ഞു കിട്ടുകയായിരുന്നു.

മാനന്തവാടി ഗവൺമെന്റ് കോളെജിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയുടെ ഉത്തരകടലാസാണ് കളഞ്ഞുകിട്ടിയത്. മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി പരീക്ഷ എഴുതിയത്. കഴിഞ്ഞ മെയിലായിരുന്നു പരീക്ഷ. ജൂൺ 21 ന് ഫലം പ്രഖ്യാപിച്ചു. എന്നാൽ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് ഈ വിദ്യാർത്ഥിയുടേതടക്കം ചിലരുടെ പരീക്ഷാ ഫലം തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഉത്തരക്കടലാസ് കളഞ്ഞു കിട്ടിയത്.

എന്നാൽ പരീക്ഷ എഴുതിയ 26 പേരുടെയും ഉത്തരക്കടലാസുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സർവകലാശാല അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, വിഷയം ഗൗരവതരമാണെന്നും അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. വിസിയുടെ ചേംബറിന് മുന്നിൽ മണിക്കൂറുകളോളം പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top