ചെമ്പരിക്ക ഖാസിയുടെ മരണം, തുടരന്വേഷണ കാര്യത്തില്‍ ഹൈക്കോടതി സി.ബി.ഐ.യോട് വിശദീകരണം തേടി

കാസര്‍ഗോഡ്: ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ച് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിന്മേല്‍ ഹൈക്കോടതി സി.ബി.ഐ.യോട് വിശദീകരണം ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് സമസ്ത ഭാരവാഹി മുഹമ്മദ് ത്വയിബ് ഹുദവി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

പരപ്പ സ്വദേശിയായ പി.എ അഷ്‌റഫിന് മരണത്തിന് കാരണക്കാരായവരെക്കുറിച്ച് അറിയാമെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെക്കുറിച്ച് വിവരമറിയാമെന്ന് വെളിപ്പെടുത്തുന്ന കത്ത് ഒക്‌ടോബര്‍ 28ന് അഷ്‌റഫ് സി.ബി.ഐ.ക്ക് അയച്ചിരുന്നു. അഷ്‌റഫ് പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നവംബര്‍ 2ന് മുഹമ്മദ് ത്വയ്ബ് ഹുദവിയും കത്തെഴുതി. എന്നിട്ടും നടപടിയുണ്ടാവാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മുഹമ്മദ് ത്വയ്ബ് ഹുദവി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് ചെമ്പരിക്ക കടലില്‍ ഖാസി സി.എം അബ്ദുല്ല മൗലവിയെ മരിച്ച നിലയില്‍ കണ്ടത്. ആദ്യം കേസ് അന്വേഷിച്ച സി.ബി.ഐ. സംഘം ആത്മഹത്യയെന്ന നിഗമനമടങ്ങുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഹരജി നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും സി.ബി.ഐ. അന്വേഷിച്ചു. നരഹത്യയാണെന്ന് വെളിവാകുന്ന തെളിവോ സൂചനയോ ലഭിച്ചില്ലെന്ന് വ്യക്തമാക്കി സി.ബി.ഐ സംഘം അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഖാസിയുടെ മകന്‍ എതിര്‍പ്പ് ഉന്നയിച്ച് എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top