ആഷസ്: ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസീസിന് വിജയം, 2-0 ന് മുന്നില്‍

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് വിജയം. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 120 റണ്‍സിനാണ് ഓസീസ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നേരത്തെ ബ്രിസ്‌ബേനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ ഓസീസ് 2-0 ന് മുന്നിലെത്തി. ആഷസിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് എന്ന പ്രത്യേകതയും അഡ്‌ലെയ്ഡ് ടെസ്റ്റിന് ഉണ്ടായിരുന്നു.

സ്‌കോര്‍: ഓസീസ് എട്ടിന് 442, 138; ഇംഗ്ലണ്ട് 227, 233. 354 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാംദിനം 233 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ക്യാപ്റ്റന്‍ ജോ റൂട്ട് (67), മാര്‍ക്ക് സ്‌റ്റോണ്‍മാന്‍ (36), ജോണി ബെയര്‍സ്‌റ്റോ (36) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. അഞ്ചാംദിനം നാലിന് 176 എന്ന നിലയില്‍ വിജയപ്രതീക്ഷയോടെ ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ക്രിസ് വോക്‌സിനെയും (5) ജോ റൂട്ടിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഹാസില്‍വുഡ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. പിന്നീട് ബെയര്‍‌സ്റ്റോ നടത്തിയ ചെറുത്ത് നില്‍പാണ് സ്‌കോര്‍ 200 കടത്തിയത്.

നേരത്തെ ആദ്യ ഇന്നിംഗ്‌സ് എട്ടിന് 442 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസ് ഇംഗ്ലണ്ടിനെ 227 റണ്‍സിന് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് ഓസീസിനെ വെറും 138 റണ്‍സിന് പുറത്താക്കി. തുടര്‍ന്ന് 354 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലിന് 176 എന്ന ശക്തമായ നിലയിലായിരുന്നു നാലാം ദിനം അവസാനിപ്പിച്ചത്. അവസാനദിനം ആറ് വിക്കറ്റുകള്‍ ശേഷിക്കെ 178 റണ്‍സായിരുന്നു സന്ദര്‍ശകര്‍ക്ക് വേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ ജോ റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷള്‍. എന്നാല്‍ അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ റൂട്ട് പുറത്തായതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top