ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.

22 ആമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിലും അനുബന്ധ വേദികളിലുമായാണ് പുരോഗമിക്കുന്നത്. ഡിസംബര്‍ എട്ടിന് മേളയ്ക്ക് തിരിതെളിയുന്നതോടെ നഗരം സിനിമാ ആസ്വാദകരെ കൊണ്ട് നിറയും. മേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങും അനുബന്ധിച്ച് നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിരുന്നു. എന്നാല്‍ മുഖ്യാതിഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മേളയ്ക്ക് എത്തുമെന്നും കമല്‍ അറിയിച്ചു.

ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. 11,000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. മേളയുടെ ഭാഗമായുള്ള ഡെലിഗേറ്റ് സെല്ലിന്റ ഉദ്ഘാടനവും നടന്നു. അന്വേഷണങ്ങള്‍ക്കും പാസ് വിതരണങ്ങള്‍ക്കുമായി 14 കൗണ്ടറുകളാണ് ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 11 മുതല്‍ രാത്രി ഏഴ് മണി വരെയാകും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top