കടലാക്രമണത്തെ ചെറുക്കാനുള്ള പുതിയ പദ്ധതിയും ഫലംകണ്ടില്ല; തീരവാസികള്‍ ആശങ്കയില്‍

ആലപ്പുഴ: തീരദേശത്തെ കടലാക്രമണങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയില്‍ സ്ഥാപിച്ച ജിയോ ബാഗുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് അടിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ 100 മീറ്റര്‍ ഭാഗത്ത് മണല്‍ചാക്ക് നിറച്ച് നിര്‍മിക്കുന്നതിന് 15 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കിയെങ്കിലും തീരദേശവാസികള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല.

നീര്‍ക്കുന്നം തീരദേശത്ത് കടലാക്രമണത്തെ പ്രതിരോധിക്കാനായി ഇറിഗേഷന്‍ വകുപ്പ് രണ്ട് മാസം മുന്‍പാണ് മണല്‍ച്ചാക്കുകള്‍  അടുക്കിയത്. പത്ത് വര്‍ഷത്തെ കാലവധി ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും പത്ത് മാസം പോലും കാക്കാതെ കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റില്‍ ഭൂരിഭാഗം മണല്‍ ചാക്കുകളും ഒഴികിനടന്നു. ഇതോടെ പ്രദേശത്തെ തീരവാസികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയ പുതിയ പരിഷ്‌കാരം ആര്‍ക്കും ഫലംകണ്ടില്ല. നൂറ് മീറ്റര്‍ ഭാഗം മണല്‍ച്ചാക്ക് നിര്‍മിച്ചതിന് ചെലവായത് 15 ലക്ഷം രൂപ. തീരക്കടല്‍ മേഖലയിലെ സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരത്തില്‍ തീരദേശവാസികള്‍ക്ക് തുടക്കം മുതല്‍ പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ നിലപാടിനോട് യോജിക്കേണ്ടി വന്നു. തീരദേശത്തെ കടലാക്രമണം ചെറുക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ സംരക്ഷണ കവചം പാളിയതോടെ പ്രദേശവാസികള്‍ ഭയാശങ്കയിലാണ്. പ്രദേശം സന്ദര്‍ശിക്കാന്‍ ആരും തന്നെ എത്തിയിട്ടുമില്ല.

കഴിഞ്ഞിടെ ഉണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നടിഞ്ഞത്. ഇവരെ തിരിഞ്ഞ് നോക്കാനോ പുന:രധിവസിപ്പിക്കാനോ സര്‍ക്കാരിനായിട്ടില്ല. സുനാമി ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് ലഭിച്ച കിടപ്പാടവും കടലെടുത്തതോടെ മത്സ്യതൊഴിലാളികളുടെ ജീവിതം നരകതുല്യമായി. മറ്റുള്ളവരുടെ കാരുണ്യത്തിലും കടത്തിണ്ണയിലുമാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് ഭയാശങ്കകള്‍ കൂടാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ ശാശ്വതമായ രീതിയില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top