ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ മാറ്റാന്‍ അമേരിക്കന്‍ നീക്കം; എതിര്‍പ്പുമായി വിവിധ രാജ്യങ്ങള്‍

ഡോണാള്‍ഡ് ട്രംപ്‌

വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നു. ഏകപക്ഷീയമായി അമേരിക്ക തീരുമാനമെടുക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായാണ് ഫ്രാന്‍സ് രംഗത്തെത്തിയത്. നേരത്തെ വിവിധ അറബ് മുസ്‌ലിം രാഷ്ട്രങ്ങളും അമേരിക്കയെ പ്രതിഷേധം അറിയിച്ചിരുന്നു.

ഇസ്രായേല്‍ -പലസ്തീന്‍ തര്‍ക്കവിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളാന്‍ ഒരുങ്ങുന്ന അമേരിക്കയുടെ നിലപാടില്‍ ഉത്കണ്ഠ അറിയിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് ഫോണില്‍ സംസാരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലല്ലാതെ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് മാക്രോണ്‍ പറഞ്ഞു. നേരത്തെ അറബ് -മുസ്‌ലിം രാജ്യങ്ങള്‍ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുന്നതിനു മുമ്പ് അമേരിക്ക ഇത്തരം നിലപാട് സ്വീകരിക്കുന്നത് സമാധാനശ്രമങ്ങളെ തകിടം മറിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ജോര്‍ദാനും തുര്‍ക്കിയും അമേരിക്കയുടെ തീരുമാനം വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വെയ്ക്കുന്ന അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതികരിക്കാന്‍ പലസ്തീന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. 1967 ല്‍ പിടിച്ചെടുത്ത ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്ന നിലപാടില്‍ ഇസ്രായേല്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ കിഴക്കന്‍ ജെറുസലേം തങ്ങളുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമാണെന്നാണ് പലസ്തീന്‍ വാദം.

1993 ലെ ഇസ്രായേല്‍- പലസ്തീന്‍ ഉടമ്പടി പ്രകാരമുള്ള വിഷയം സമാധാന ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. ജെറുസലേമിന്റെ മേലുള്ള ഇസ്രായേലിന്റെ പരമാധികാരം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. അറബ് -മുസ്‌ലിം രാജ്യങ്ങള്‍ പലസ്തീന്‍ നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്.

അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങള്‍ ടെല്‍അവീവിലാണ് തങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റാന്‍ ട്രംപ് ഭരണകൂടം തീരുമാനമെടുക്കുകയും തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തീരുമാനത്തില്‍ മാറ്റമില്ലെന്നും ഈയാഴ്ച തന്നെ ഇസ്രായേലിനെ തലസ്ഥാനമായി ജെറുസലേമിനെ നിയമിക്കും എന്നതാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top