ഉണ്ണി മുകുന്ദന്റെ ‘ചാണക്യതന്ത്രം’ എത്തുന്നു; നേത്രദാന സമ്മതപത്രത്തില്‍ ഒപ്പിട്ട് ചിത്രത്തിന് തുടക്കം

ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

തന്ത്രങ്ങളുടെ സൂക്ഷ്മതയും കൃത്യതയുമാണ് ചരിത്രത്തില്‍ ചാണക്യന് വീരപരിവേഷം നല്‍കുന്നത്. ശത്രുപക്ഷത്തെ ചടുലവേഗതയില്‍ നിലംപരിശാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായെത്തുകയാണ് യുവനിരയിലെ മുന്‍നിര നായകന്‍ ഉണ്ണി മുകുന്ദന്‍.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ആക്ഷന്‍ ത്രില്ലറിലാണ് ഉണ്ണി മുകുന്ദനന്റെ ഈ വേഷപ്പകര്‍ച്ച. നേത്രദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കിക്കൊണ്ട് ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം. എറണാകുളം വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ചാണക്യതന്ത്രം’. ഉണ്ണി മുകുന്ദനൊപ്പം ശ്രദ്ധേയ വേഷത്തില്‍ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും എത്തുന്നുണ്ട്‌.  ആടുപുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനും തിരക്കഥയൊരുക്കുന്നത്.

ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ്, തുടങ്ങി വന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസലാണ് ചിത്രം നിര്‍മിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു.

മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ പ്രദീപ് നായരും എഡിറ്റിംഗ് കെആര്‍ രജത്തും കലാസംവിധാനം സഹസ് ബാലയും മേക്കപ്പ് പ്രദീപ് രംഗനും വസ്ത്രാലങ്കാരം അരുണ്‍ മനോഹറും നിര്‍വഹിക്കുന്നു. മനീഷ് ഭാര്‍ഗ്ഗവനാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ സഞ്ജു.
വാര്‍ത്താ പ്രചാരണം വാഴൂര്‍ ജോസ്, എഎസ് ദിനേശ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top