special page

പ്രചോദനമായത് അരവിന്ദ് കെജ്‌രിവാള്‍; ആര്‍കെ നഗറിന്റെ ശബ്ദമാകാനാണ് ആഗ്രഹിക്കുന്നതെന്നും വിശാല്‍

വിശാല്‍

ചെന്നൈ: ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പ്രചോദനമായത് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളെന്ന് തമിഴ് നടന്‍ വിശാല്‍. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് ഡിസംബര്‍ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിട്ടാണ് താരം രംഗത്തിറങ്ങുന്നത്.

‘എനിക്ക് ആര്‍കെ നഗറിന്റെ ശബ്ദമാകണം. മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല, മറിച്ച് ജനങ്ങളുടെ പ്രതിനിധി ആകനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ ഇത് അനിവാര്യമാണ്’   വിശാല്‍ പറഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമുമാണ് തന്റെ പ്രചോദനം. ഞാനിതുവരെ അരവിന്ദ് കെജ്‌രിവാളിനെ പരിചയയപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നും
ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വിശാല്‍ പറഞ്ഞു.

‘ഇവിടെ വര്‍ഷങ്ങളായി തുടരുന്ന പല പ്രശ്‌നങ്ങളും അവര്‍ കാണുന്നില്ല, സര്‍ക്കാര്‍ സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ പരിതാപകരമാണ്, സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ അതിലും ദയനീയമാണ്. ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല, റേഷനുമായി ബന്ധപ്പെട്ട് എപ്പോഴും പരാതികള്‍. ഇത് ആര്‍കെ നഗറിലെ മാത്രം പ്രശ്‌നമല്ല, മറ്റ് ഭരണപ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഉപതെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാന്‍ ഞങ്ങള്‍ക്കാകില്ല, എത്രയും പെട്ടെന്ന് തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്’ വിശാല്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ക്കെ ചലച്ചിത്രമേഖലയില്‍ നിന്ന് ഉറച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് താരം പറയുന്നു. ‘പിന്തുണ ആവശ്യപ്പെട്ട് ആരെയും സമീപിക്കില്ല. എന്നാല്‍ സ്വമനസ്സാലെ തന്നെ പിന്തുണയ്ക്കുന്നവരെ സ്വാഗതം ചെയ്യുന്നു,’ ചലച്ചിത്ര താരങ്ങളായ കുശ്ബു, പ്രകാശ് രാജ്, ആര്യ എന്നിവര്‍ തന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയത് ഏറെ സന്തോഷം പകരുന്നുവെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും പ്രസിഡന്റാണ് നിലവില്‍ വിശാല്‍.

ഉലകനായകന്‍ കമലഹാസ്സന്റെയും, സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം കാത്തിരുന്ന ഏവരെയും ഞെട്ടിച്ച് ശനിയാഴ്ചയാണ് വിശാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം പുറത്തുവിട്ടത്. എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനന്‍, ഡിഎംകെയുടെ മരുദു ഗണേഷ്, എഐഎഡിഎംകെ ശശികലവിഭാഗത്തിന്റെ ടിടിവി ദിനകരന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ താരത്തിന്റെ മുഖ്യ എതിരാളികള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top