വയറുവേദനയുമായി ആശുപത്രിയില്‍ എത്തി; മദ്ധ്യ വയസ്‌കയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് പതിനഞ്ച് വര്‍ഷം മുമ്പ് ജീവനറ്റ ഭ്രൂണത്തെ

വയറ്റില്‍ നിന്നും നീക്കം ചെയ്ത ഭ്രൂണം, ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ ഡോക്ടറോടൊപ്പം

നാഗ്പൂര്‍: ആര്‍ത്തവ വിരാമത്തിനുശേഷം തുടര്‍ച്ചയായുണ്ടാകുന്ന അസഹ്യമായ വയറുവേദന ചികിത്സിക്കാനാണ് 52 വയസുകാരിയായ സ്ത്രീ നാഗ്പൂരിലെ ജുനഗര്‍ സര്‍ജിക്കല്‍ നഴ്‌സിംഗ് ഹോമില്‍ എത്തിയത്. സ്‌കാനിംഗ് നടത്തിയപ്പോള്‍ വയറ്റില്‍ ഒരു കല്ലിന്റെ രൂപത്തില്‍ ഒരു വസ്തു ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഉടനെ ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി പതിനഞ്ച് വര്‍ഷം മുമ്പ് മരിച്ച നാലുമാസം പ്രായമുള്ള ഭ്രൂണത്തെയായിരുന്നു അവരുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വയറു വേദന ഉണ്ടാകാറുണ്ടെങ്കിലും മിക്ക ഡോക്ടര്‍മാരും വേദന സംഹാരി മാത്രമാണ് ഇവര്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ ആര്‍ത്തവ വിരാമത്തിനു ശേഷം ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥകളും ആരംഭിച്ചതോടെയാണ് വിദഗ്ത ചികിത്സ നടത്താന്‍ അവര്‍ തീരുമാനിച്ചത്.

15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ സ്ത്രീ രണ്ടാം തവണയും ഗര്‍ഭിണിയാവുകയും എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയുമായിരുന്നു. അന്ന് ഡോക്ടറെ സമീപിക്കുകയും കുട്ടി അബോര്‍ഷനായി എന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.

നാഗ്പൂരിലെ ആശുപത്രിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഡോക്ടര്‍മാര്‍ ഭ്രൂണത്തെ പുറത്തെടുത്തത്. ഭ്രൂണത്തിന് നാലുമാസം പ്രായമുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ത്രീക്ക് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവര്‍ ആരോഗ്യവതിയാണെന്നും ഡോക്ടര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top