മലയാളികളെ വീണ്ടും ഞെട്ടിച്ച് കുഞ്ഞു സിവ; ഇത്തവണ ആലപിച്ചത്‌ ”കണികാണും നേരം….!”(വീഡിയോ)

സിവ ധോണി

ഒറ്റ മലയാളം പാട്ടുകൊണ്ട് അച്ഛനെക്കാളും ആരാധകരെ കേരളത്തില്‍ സമ്പാദിച്ച മിടുക്കിയാണ് ധോണിയുടെ മകള്‍ സിവ. ആരാധകരെ ഞെട്ടിച്ച് ”കണികാണും നേരം…!” എന്ന മറ്റൊരു മലയാള ഗാനവുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞോമന ഇപ്പോള്‍.

അദ്വൈതം എന്ന ചിത്രത്തിലെ കൈതപ്രം രചിച്ച ”അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ..!” എന്ന ഗാനം ആലപിച്ച് നേരത്തെ മലയാളികളുടെ ഹൃദയം കവര്‍ന്ന സിവ, ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനായി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനം ഏറെ ഹൃദ്യമായാണ് ആലപിക്കുന്നത്. ഓരോ മലയാളിക്കും വിഷുക്കാല പ്രതീതി സമ്മാനിക്കുന്ന ‘കണികാണും നേരം കമല നേത്രന്റെ….!’ എന്നു തുടങ്ങുന്ന ഗാനം മികച്ച രീതിയില്‍ത്തന്നെ ആലപിക്കുന്നു. പനിപിടിച്ച് സുഖമില്ലാത്ത അവസ്ഥയിലാണ്  സിവ പാടുന്നത്. ഇടയ്ക്കിടക്ക് ചുമയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടത്.

ആദ്യ ഗാനം ആലപിച്ചപ്പോള്‍ മലയാളം അറിയാത്ത സിവ എങ്ങനെയാണ് ഇത്ര മനോഹരമായി പാടിയത് എന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍  മലയാളിയായ ആയയാണ് കുഞ്ഞിനെ പാട്ട് പഠിപ്പിച്ചത് എന്ന് പിന്നീട് വ്യക്തമായി. ധോണിയുടെ സുഹൃത്തും മലയാളിയുമായ സന്തോഷാണ് കുഞ്ഞിനുവേണ്ടി ആയയെ ഏര്‍പ്പാടാക്കിയിരുന്നത്. പാട്ട് ഹിറ്റായതോടെ സാക്ഷാല്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണാന്‍ കുഞ്ഞുസിവയെ ക്ഷണിക്കാനും അമ്പലപ്പുഴ ക്ഷേത്രോത്സവ കമ്മിറ്റി തീരുമാനിച്ചിരുന്നു.

DONT MISS