കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ രക്ഷിച്ച ഡോക്ടറെ നേരില്‍ കണ്ടപ്പോള്‍

ബേയ്ഹന് പ്രൊഫ. മുഹമ്മദ് റെലെയോടൊപ്പം

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ നേരില്‍ കാണാനെത്തി. ബേയ്ഹന്‍ എന്ന ഇരുപത്കാരിയാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പ്രൊഫസര്‍ മുഹമ്മദ് റെലയെ നേരില്‍ കാണാനെത്തിയത്.

ഗുരുതര കരള്‍ രോഗത്തോടെ ജനിച്ച ബേയ്ഹന്‍ എന്ന പെണ്‍കുട്ടി ഉടന്‍ മരിക്കുമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് മാതാപിതാക്കള്‍ ബേയ്ഹനെ പ്രൊഫ. മുഹമ്മദ് റെലയുടെ അടുക്കലെത്തിച്ചത്. കരളിനെ നശിപ്പിക്കുന്ന അപൂര്‍വ്വ രോഗത്തോടെ ജനിച്ചതിനെത്തുടര്‍ന്ന് രണ്ടു കുട്ടികളെ ബേയ്ഹന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ നഷ്ടപ്പെട്ടിരുന്നു.

മൂന്നാമത്തെ കുട്ടിയും മരിക്കുമെന്ന് ഉറപ്പായതോടെ എന്തിനും തയ്യാറായാണ് മാതാപിതാക്കള്‍ ലണ്ടനിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെത്തിയത്. കുട്ടിയെ പരിശോധിച്ച പ്രൊഫ. റെലെ കരള്‍മാറ്റ ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് മനസ്സിലാക്കുകയായിരുന്നു. പിന്നീട് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് കരള്‍ മാറ്റി വെയ്ക്കുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയില്‍ വിഷയം അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണത്തിന്റെ പിടിയില്‍ നിന്ന് ജീവിതത്തിിലേക്ക് തിരിച്ചുവന്ന അതേ സ്ഥലത്ത് വീണ്ടുമെത്തിയതില്‍ സന്തോഷമുണ്ടെന്ന് ബേയ്ഹന്‍ പറഞ്ഞു. അന്ന് തനിക്ക് കരള്‍ നല്‍കാന്‍ തയ്യാറായ കുട്ടിയുടെയും കുടുംബത്തിന്റെയും മഹാ മനസ്‌കതയ്ക്ക് നന്ദി പറഞ്ഞ ബേയ്ഹന്‍ പ്രൊഫസര്‍ മുഹമ്മദ് റെലെയുടെയും ടീമിന്റെയും കഴിവാണ് തന്നെ രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരിക്കലും മറക്കാത്ത ശസ്ത്രക്രിയ ആയിരുന്നു അതെന്ന് പ്രൊഫ. റെലെ പ്രതികരിച്ചു. കുട്ടി മരിക്കുമെന്ന് ഉറപ്പായതിനാല്‍ ശസ്ത്രക്രിയയുടെ വിജയപരാജയങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലായിരുന്നുവെന്നും പ്രൊഫ. പറഞ്ഞു. മുപ്പത് വര്‍ഷത്തെ കരിയറില്‍ നൂറിലധികം ശസ്ത്രക്രിയകളാണ് പ്രഫ. മുഹമ്മദ് റെലെ നടത്തിയിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top