കളിചിരിയുമായി വാനരപ്പടയോടൊപ്പം ഒന്നരവയസ്സുകാരന്‍(വീഡിയോ കാണാം)

വാനരസംഘത്തോടൊപ്പം കുട്ടി

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സമാനതകളില്ലാത്ത സൗഹൃദത്തിന്റെ നിരവധി കഥകള്‍ നാം ഇതിനകം കേട്ടിട്ടുണ്ട്.അത്തരത്തില്‍ ഒരു നിഷ്‌കളങ്ക സൗഹൃദത്തിന്റെ കാഴ്ച സമ്മാനിക്കുകയാണ് കര്‍ണ്ണാടകയിലെ ഒന്നര വയസ്സുകാരനും ഒരു സംഘം വാനരന്‍മാരും.

കര്‍ണ്ണാടകയിലെ അലപൂര്‍ ഗ്രാമമാണ് അപൂര്‍വ്വ സൗഹൃദത്തിന് വേദിയായത്. വാനരപ്പടയോടൊപ്പം കളിക്കുകയും അവരെ ഊട്ടുകയും ചെയ്യുന്ന ഒരു കൊച്ചുമിടുക്കന്‍ കാഴ്ച്ചക്കാരുടെ മനം കവരുന്നു. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ച ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വാനര സംഘത്തോടൊപ്പം ഇടപഴകുന്ന ഒന്നര വയസ്സുകാരന്‍ ഗ്രാമവാസികള്‍ക്ക് നിത്യകാഴ്ചയാണ്. പരിപൂര്‍ണ സ്വതന്ത്രനായി കുരങ്ങന്‍മാരോടൊപ്പം കളിച്ചു നടക്കുന്ന കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക തോന്നുമെങ്കിലും ഇന്നേവരെ അത്തരത്തില്‍ യാതൊന്നും വാനര സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മാതാവ് വ്യക്തമാക്കുന്നു. വളരെ അനുസരണയോടെയാണ് കുട്ടിയുടെ കൈയ്യില്‍ നിന്ന് ഭക്ഷണം സ്വീകരിക്കുന്നതും കഴിക്കുന്നതും.

‘ആറുമാസം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ് ഈ സൗഹൃദം. കുട്ടിക്ക് ഇന്നേവരെ ദേഹോപദ്രവം  ഒന്നും ഏറ്റിട്ടില്ല, രാവിലെ അവന്‍ എഴുന്നേല്‍ക്കുന്നതിനായി വാനരപ്പട കാത്തിരിക്കും, ഭക്ഷണത്തിന് മാത്രമല്ല, കുഞ്ഞിനോടൊപ്പം കളിക്കാന്‍ കൂടിയാണത്,’ അമ്മ പറയുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഈ കാഴ്ച പുറം ലോകത്തെ അറിയിച്ചത്.

DONT MISS