കുവൈത്തില്‍ അപൂര്‍വ്വയിനം രക്തം ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ യുവതിക്ക് മലയാളി യുവാവിന്റെ കാരുണ്യം തുണയായി

പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: അപൂര്‍വ്വയിനം രക്തം ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ കുവൈത്തിലെ ആശുപത്രിയില്‍ കഴിയുന്ന കര്‍ണ്ണാടക സ്വദേശിയായ യുവതിക്ക് ഇതേ രക്ത ഗ്രൂപ്പില്‍ പെട്ട ഖത്തറിലെ മലയാളി യുവാവിന്റെ കാരുണ്യം തുണയായി.’ബോംബെ ഗ്രൂപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഇതേ രക്ത ഗ്രൂപ്പില്‍ പെട്ട തലശേരി സ്വദേശി നിതീഷാണു യുവതിയുടെ രക്ഷകനായെത്തിയത്. കുവൈത്തിലെ ബ്ലഡ് ഡോണേഴ്‌സ്‌ പ്രവര്‍ത്തകര്‍ ഖത്തറില്‍ നിന്നും നിധീഷിനെ വ്യാഴാഴ്ച ഉച്ചയോടെ കുവൈത്തില്‍ എത്തിക്കുകയായിരുന്നു.

കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയ കാത്ത് കഴിയുകയാണു കര്‍ണ്ണാടക ഉടുപ്പി സ്വദേശി വിനീത. പത്ത് ലക്ഷത്തില്‍ 4 പേരില്‍ മാത്രം കാണുന്ന ‘ബോംബൈ ഗ്രൂപ്പ്’ എന്നപേരില്‍ അറിയപ്പെടുന്ന രക്ത ഗ്രൂപ്പാണു വിനീതയുടേത്. കുവൈത്തില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ദയാനന്ദന്റെ ഭാര്യയായ വിനീത അഞ്ച്‌
വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണു ഗര്‍ഭിണിയായത്.

ഈ മാസം 25 നു സിസേറിയന്‍ ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിന് ആവശ്യമായ രക്തം ലഭ്യമല്ലാതായതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമായത്. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയ മാറ്റി വെക്കേണ്ടി വരികയും ചെയ്തു. ഇതോടെയാണു ബ്ലഡ് ഡോണേഴ്‌സ്‌ ഫോറം കുവൈത്ത് ചാപ്റ്ററിന്റെ പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുക്കുന്നത്. ചാപ്റ്ററിന്റെ മറ്റു രാജ്യങ്ങളിലെ പ്രവര്‍ത്തകരുമായി നടത്തിയ ഏകോപനത്തിലൂടെയാണു ഖത്തറിലെ ഒരു നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറായ  കണ്ണൂര്‍  ഇരിട്ടി സ്വദേശിയായ നിധീഷ് രഘുനാഥിനെ കണ്ടെത്തുന്നത്. പിന്നീടങ്ങോട്ട് നടത്തിയ തിരക്കിട്ട നീക്കങ്ങളിലൂടെ രക്ത ദാതാവായ നിതീഷിനെ വ്യാഴാഴ്ച  ഉച്ചയോടെ ബ്ലഡ് ഡോണേഴ്‌സ്‌ പ്രവര്‍ത്തകര്‍ കുവൈത്തില്‍ എത്തിക്കുകയായിരുന്നു.

ജാബിരിയ ബ്ലഡ് ബാങ്കില്‍ വെച്ചാണു നിതീഷ് തന്റെ അപൂര്‍വ്വയിനത്തില്‍ പെട്ട രക്തം ദാനം നല്‍കിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എത്രയും പെട്ടെന്ന് തന്നെ യുവതിയുടെ ശസ്ത്രക്രിയ നടത്തുവാന്‍ ആശുപത്രി അധികൃതരും ഇതിനകം തയ്യാറായി കഴിഞ്ഞു. ഒരമ്മയുടെയും ഒപ്പം ഗര്‍ഭപാത്രത്തില്‍ കഴിയുന്ന കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി ഒരേ ചോരയായി പ്രവര്‍ത്തിച്ച നിധീഷിന്റെയും ബ്ലഡ് ഡോണേഴ്‌സ് ഇന്‍  പ്രവര്‍ത്തകരുടെയും മഹത്തായ ഈ പ്രവര്‍ത്തനം ലക്ഷ്യ പ്രാപ്തിയില്‍ എത്താനുള്ള പ്രാര്‍ഥനയിലാണു കുവൈത്തിലെ മുഴുവന്‍ പ്രവാസി സമൂഹവും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top